Thursday, March 27, 2008

“ ഒരു റഷ്യന്‍ വീര്യ കഥ”

കഥാനായകന്‍ കപ്പലിലായിരുന്നു.. കപ്പല്‌ന്ന് വെച്ചാ.., മ്മ്‌ണി ബല്ല്യേ കപ്പല്‌..പടക്കപ്പല്‌..!

പണ്ട്‌ ഡച്ച്‌കാരും അമേരിയ്ക്കാക്കാരും.., പിന്നെ മ്മടെ ശിവാജീ മഹാരാജാവും ഒക്കെ മേച്ച്‌ നടന്നിരുന്നൂന്ന് പറഞ്ഞ്‌ കേട്ടത്‌ പോലത്തെ ഒലയ്ക്ക സാനങ്ങളല്ല..! നല്ല പെട സാനങ്ങള്‌..

ഇബടെ പൊട്ടിച്ചാ അയലോക്കാര്‌ കൂടാണ്ട്‌ അയിന്റപ്രത്തുള്ളോര്‌ വരെ ഞെട്ടണ സൈസ്‌ പടക്കങ്ങളും കൊണ്ട്‌ നടക്കണ സാനം..

ലെനിനേം, ഗര്‍ഭഷേവിനേം പെറ്റ, അതേ വയിറ്റീന്ന് പെറന്ന, അവര്‌ടെ കൂടപ്പെറപ്പ്‌കള്‌..!

അമ്മാതിരി സാധനങ്ങളൊക്കെ, ഒരിയ്ക്കലെങ്കിലും ഒന്ന് കാണണ്ട കാഴ്ച്യന്ന്യാ.. അടക്കി ഒതുക്കി വെയ്ക്കാന്‍ അവരെ കഴിഞ്ഞേ ആരും .!

ഒരിഞ്ച്‌ സ്ഥലം പോലും വെറുതെ കളയാണ്ട്‌ ഓരോന്ന് വെട്‌പ്പായി കുത്തി നെറച്ച്‌ വെച്ചിരിയ്ക്കണ കാണുമ്പോ അസൂയ്യാവും.

മ്മള്‌ ഒറങ്ങുമ്പോ കെടക്കണ പോസ്‌ കൂടി നോക്കീട്ടാ കട്ടില്‌ (അതിനെ അങ്ങനെ വിളിയ്ക്കാമോന്ന് അയാള്‍ക്കിപ്പോഴും നല്ല സംശ്യം..!)വരെ മെനച്ച്‌ വെച്ചിരിയ്ക്കണത്‌..!


ഒറങ്ങാന്‍ നേരത്ത്‌ അവനോന്റെ 'ബങ്ക്‌'ല്‌ ചുരുണ്ടൂടാന്‍ വരുമ്പോ, അവടേണ്ടാവും ഏതെങ്കിലും ശവങ്ങള്‌,..ആരേം കുറ്റം പറഞ്ഞട്ട്‌ ഒരു കാര്യോല്ല്യ.. മുന്നൂറ്‌ പേര്‍ക്ക്‌ കെടന്നൊറങ്ങാന്‍ നൂറ്റിയമ്പതിന്റെ അടുത്ത്‌ മാത്രം വരുന്ന അമ്മാതിരി 'ബങ്ക്‌'(കട്ടിലു) കളേ അവടേള്ളൂ.. വേണങ്കി മതി. എന്നാലും, എല്ലാവരും ഒരേസമയം ഉറങ്ങാറില്ലാത്തോണ്ട്‌ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തങ്ങനെ പോകും.. കെടപ്പി പിഴപ്പല്ലേ..!

കുളി, അതാണ്‌ ഏറ്റവും രസള്ളത്‌. ഒരു നാലേ മൂന്ന് വലിപ്പത്തിലുള്ള ബാത്‌ റൂം.. അതിന്റെടേലും, എടഞ്ഞാ, തലേലും ശരീരത്തിലും നാഴി എണ്ണ ഒഴിയ്ക്കാന്‍ പറ്റ്യേ പരുവത്തിലുള്ള കുഴികള്‍ ഉണ്ടാക്കാന്‍ കെല്‍പ്പുള്ള തരം വാല്‍ വുകളും ട്രങ്കിങ്ങുകളും..! പിന്നെ 'പുതുജലം' (ഫ്രെഷ്‌ വാട്ടര്‍) പത്ത്‌ മിനിറ്റ്‌ മാത്രമല്ലേ ബാത്‌ റൂമുകളില്‍ ഉണ്ടാവുക.. ഇരുനൂറോളം പേര്‍ക്ക്‌ ഒരേസമയം കുളിയ്ക്കാന്‍ ഇത്തരം അഞ്ചാറ്‌ കുളിമുറികള്‍..! അപ്പോപിന്നെ കുളി രസാവാണ്ട്‌ എങ്ങനെ പോവാനാ..?പലരും സോപ്പൊന്നും കാശ്‌ കൊടുത്ത്‌ വാങ്ങാറില്ല, സോപ്പ്‌ തേച്ച്‌ നിക്കണ മറ്റുള്ളവരടെ എടേല്യ്ക്ക്‌ ഒന്ന് തള്ളിക്കേറാന്‍ ശ്രമിച്ചാ മാത്രം മതി..,സംഗതി ക്ലീന്‍..!

അങ്ങനെ കഷ്ടപെട്ട്‌, ബുദ്ധിമുട്ടി കാര്യൊങ്ങളൊക്കെ ഒരുവിധം നയിച്ചോണ്ട്‌ പോവുമ്പോഴാ ആ 'പെഷല്‍ പ്രോഗ്രാം' വരണെ..!നമ്മടെ തലതൊട്ടപ്പന്റെ മുത്തപ്പന്‌ കപ്പലൊന്ന് കാണണമത്രെ..! വെറുതെ കണ്ടാ പോരാ.., 'വിസിറ്റ'ണമെന്ന്..

പണ്ട്‌ കുടിച്ച മുലപ്പാലില്‍ ബാക്കിയുള്ളതില്‍ കുറച്ച്‌ ചിലവഴിച്ച്‌, കഥാനായകന്‍, പരിവാരസമേധം പണിയാനിറങ്ങി... പരിവാരങ്ങള്‍ക്ക്‌ കഴിവനുസരിച്ചുള്ള പണിയും കൊടുത്ത്‌, സ്വയം പണികളും കഴിച്ച്‌ സന്തോഷവാനായി വാണരുളി.

അങ്ങനെ, അവസാനം ആ ശുഭദിനം വന്നെത്തി.. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ കുയില്‍ നാദം കാതില്‍ വന്നലച്ച്‌ ഉറക്കം കെടുത്തി.. കപ്പലില്‍ കുയിലോ എന്നോര്‍ത്ത്‌ ഞെട്ടണ്ട.. 'ക്വാട്ടര്‍ മാസ്റ്റര്‍' എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന കുയിലുകളെ, സമയോം കാലോം നോക്കാതെ, കുഴലൂതി നാദം കേള്‍പ്പിയ്ക്കാന്‍ പരിശീലിപ്പിയ്ക്കാന്‍ പ്രത്യേകം പരിശീലകരുണ്ട്‌.. അസ്സല്‍ കുയില്‍ പോലും നാണിച്ച്‌, പേടിച്ച്‌ പോകും..

എന്നാലും, അതേത്‌ മുഹൂര്‍ത്തത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌ എന്ന സ്ഥിരപരിചയം വെച്ച്‌ ഉറങ്ങാതെ കിടന്ന കാരണം, നേരത്തിന്‌ തന്നെ, കുളിയടക്കമുള്ള എല്ലാം പത്ത്‌ മിനിറ്റില്‍ കുറഞ്ഞ നേരത്തില്‍ അവസാനിപ്പിച്ച്‌ ആരുടെയും കണ്ണില്‍ പെടാതെ, സമയത്തിന്‌ മുമ്പ്‌ തന്നെ സ്വന്തം 'ആക്ഷന്‍ സ്റ്റേഷനി'ലേയ്ക്ക്‌ വലിഞ്ഞ്‌ കയറി..

വളരെ അഡ്വാന്‍സ്ഡ്‌ ആയ ആ റഷ്യന്‍ ഉപകരണം പ്രവര്‍ത്തിപ്പിയ്ക്കുവാന്‍ പരിചയമുള്ളവര്‍ നായകന്‌ മുന്‍പേ സ്റ്റേഷനില്‍ ഹാജരായിട്ടുണ്ടായിരുന്നു, എന്നത്തേയും പോലെ..,

പാവങ്ങള്‍.., തലേന്ന് രാത്രിമുതല്‍ ഊണും ഉറക്കവും അവിടെ തന്നെയായിരുന്നിരിയ്ക്കും.. വിഡ്ഡ്യാസുരന്മാരായ മേലാളരുടെ കണ്ണുരുട്ടലും തെറിപറച്ചിലും കേള്‍ക്കണ്ടല്ലോ എന്ന് കരുതിയെടുത്ത സ്വയം തീരുമാനമൊന്നുമാവില്ല., ഇടയിലുള്ള എലനക്കിപട്ടിയുടെ ചിറിനക്കിപട്ടി, നാല്‌ ദിവസമെങ്കിലും മുമ്പേ കൊരച്ച്‌ ഛര്‍ദ്ദിച്ച്‌ കൊടുത്തതായിരിയ്ക്കും..,

അവരേം പറഞ്ഞിട്ട്‌ കാര്യല്ല്യ.. അല്ലെങ്കില്‍, മൂത്തപട്ടി ഛര്‍ദ്ദിയ്ക്കുന്നത്‌ ആ പട്ടിയ്ക്ക്‌ ആഹാരമാക്കേണ്ടി വരും.. പണ്ട്‌ പഠിച്ച ന്യൂക്ലിയര്‍ തിയറിയില്‍ 'ചെയിന്‍ റിയാക്ഷന്‍' എന്ന് പറഞ്ഞത്‌ ഇതിനെയായിരുന്നോ.. എന്റെ സാറന്മാരേ..?!

കാലത്ത്‌ തന്നെ കപ്പല്‍ അതിന്റെ യാത്ര തുടങ്ങി.. യാത്രാന്ന് പറഞ്ഞാല്‍, ഒരൊന്നര യാത്ര.. ഒരു മുപ്പത്‌ മുപ്പത്തിരണ്ട്‌ നോട്ടിയ്ക്കല്‍ മൈല്‍ സ്പീഡ്‌ .., ആ സ്പീഡിലും പൊരിഞ്ഞ ആട്ടം തന്നെ.. ഭരത നാട്യം.., മോഹിനിയാട്ടം.., കഥകളി തുടങ്ങി... ചവിട്ടുനാടകം വരെ..

പറഞ്ഞട്ട്‌ കാര്യല്ല്യ.. നല്ല തുലാമാസം..കാറ്റും കോളും ഇടീം വെട്ടും എല്ലാം മൊറയ്ക്ക്‌ നടക്ക്ണ്ട്‌..!

കൂട്ടത്തില്‍ അകമ്പടിയായി ഒരു മുങ്ങിക്കപ്പലുമുണ്ട്‌. ആ രാക്ഷസിയെ കണ്ട്‌ പിടിയ്ക്കലാണ്‌ നായകന്റേയും കൂട്ടരുടേയും ജോലി !. അതിനായി അവര്‍ കിണഞ്ഞ്‌ പരിശ്രമിച്ചോണ്ടിരുന്നു..

പടത്തില്‌ കണ്ട ഓരോരോ കട്ടകളും കല്ലുകളും രാക്ഷസിയാണെന്ന ധാരണയില്‍ റിപ്പോര്‍ട്ടുകള്‍ ഒഴുകിക്കൊണ്ടിരുന്നു. രാക്ഷസിയെ കണ്ട്‌ പിടിച്ചേ അടങ്ങൂ എന്ന മട്ടില്‍, കപ്പല്‍ ഇടതും വലതും മാറി മാറി വെട്ടി ത്തിരിഞ്ഞ്‌, ഞെരിഞ്ഞമര്‍ന്ന്, ഓതിരം വെട്ടി, അവസാനം 'വെള്ള'ക്കടകന്‍ പുറത്തെടുത്തു..

'ദേ.. കണ്ട്‌ പിടിച്ചേ.., രാക്ഷസിയെ കണ്ട്‌ പിടിച്ചേ...' ഡോല്‍ഫിന്‍, ബിയറിംഗ്‌ റെഡ്‌ സിക്സ്‌ സീറോ..,റേഞ്ച്‌ ടുവല്‍ വ്‌ നോട്സ്‌..!

ഓക്കേ.., കീപ്‌ ട്രാക്കിംഗ്‌...

റോ..ജര്‍ ..

സന്ദേശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി..ഈ ബഹളത്തിനിടയില്‍ മുത്തപ്പന്‍ കപ്പലില്‍ എലികോപ്റ്റര്‍ മാര്‍ഗ്ഗം ലാന്റ്‌ ചെയ്ത്‌, പതിവ്‌ ഉപചാരങ്ങളൊക്കെ കഴിഞ്ഞ്‌, നായകന്റെ ആക്ഷന്‍ സ്റ്റേഷനില്‍ പതുക്കെ എഴുന്നള്ളിയെത്തി. അവട്യാണെങ്കി പൊരിഞ്ഞ ബഹളം നടക്ക്വല്ലേ..!

സംഭവങ്ങളുടെ ഏകദേശരൂപം മുത്തപ്പന്‌ എക്സ്‌പ്ലെയിന്‍ ചെയ്ത്‌ കൊടുക്കാന്‍ നായകന്റെ ആപ്പീസര്‍ തയ്യാറായി നില്‍ക്കുകയായിരുന്നു..

"സര്‍, വി ആര്‍ ട്രാക്കിംഗ്‌ ദ സബ്‌മരീന്‍ വിച്‌ ഇസ്‌ നൗ റ്റ്വല്‍ നോട്സ്‌ എവേ.."

"ഓക്കേ.." തീരെ കനം കുറയ്ക്കാതെ മുത്തപ്പന്‍ അരുളി..

"ഗീവ്‌ എഫ്‌ സീ ഐ.." മോളീന്ന്ള്ള ഓര്‍ഡര്‍..

"റോജര്‍.." ഓപ്പറേറ്റര്‍മാര്‍ ഉടനെ എഫ്‌ സീ ഐ ബട്ടണുകള്‍ അമര്‍ത്തി.. ഠക്‌..ഠക്‌..(എന്താ ഒച്ച..! പേടിയ്ക്കണ്ട, രണ്ട്‌ സ്വിച്ചുകള്‍ ഓണാക്കിയതാ..റഷ്യന്‍ അല്ലേ..)

"എന്തായിത്‌..?!" മുത്തപ്പന്‍..( പാവം, അദ്ദേഹം ആദ്യമായിട്ടാ ഒരു റഷ്യന്‍ കപ്പലില്‍ കാല്‌ കുത്തുന്നത്‌..)

"സര്‍, വീ ആര്‍ ഫീഡിംഗ്‌ ദ ടാര്‍ഗറ്റ്‌ ഡീറ്റയില്‍സ്‌ ടു കമ്പ്യൂട്ടര്‍.." ആപ്പീസര്‍ വിനയപൂര്‍വം മൊഴിഞ്ഞു..

"ഓഹോ..? വേറീസ്‌ ഇറ്റ്‌, ദ കമ്പ്യൂട്ടര്‍..?"

"പ്ലീസ്‌ കം സര്‍.." ആപ്പീസര്‍ മുത്തപ്പനെയും പരിവാരങ്ങളെയും കൂട്ടി കമ്പ്യൂട്ടര്‍ റൂമിലേയ്ക്ക്‌ യാത്രയായി.., കൂടെ നായകനും.

രണ്ട്‌ മൂന്ന്, പല തരത്തിലും വലിപ്പത്തിലുമുള്ള കോണിപ്പടികള്‍ കയറിയിറങ്ങി, എല്ലാവരും കമ്പ്യൂട്ടര്‍ റൂമില്‍ ഇടിച്ച്‌ കയറി..

ഒരു ആറ്‌ ആറര അടി ഉയരവും അതിന്‌ തക്ക വണ്ണവുമുള്ള അഞ്ചെട്ട്‌ വലിയ വലിയ പെട്ടികള്‍. അതില്‍ പലതിനും ചില ദ്വാരങ്ങള്‍.. ചിലരെല്ലാം ചില ദ്വാരങ്ങളില്‍ സൈക്കിള്‍ പെഡല്‍ പോലത്തെ ചില വടികള്‍ ഇട്ട്‌ തിരിയ്ക്കുന്നു.. അതിനനുസരിച്ച്‌, പെട്ടികളിലുള്ള ചില ഡയലുകള്‍ ഇടത്തോട്ടും വലത്തോട്ടും തിരിയുന്നുമുണ്ട്‌.. മൊത്തത്തില്‍ നെല്ല്കുത്ത്‌ മില്ലില്‍ നില്‍ക്കുന്ന ഒരു പ്രതീതി..!

മുത്തപ്പന്‍ രംഗം മൊത്തമായും ചില്ലറയായും ഒന്ന് നല്ലോണം വിശകലനം ചെയ്തു. എല്ലാം ഓക്കേ.. ന്നാലും, ഇപ്പറഞ്ഞ കമ്പ്യൂട്ടര്‍ മാത്രം അവട്യെങ്ങും മരുന്നിന്‌ പോലും കാണാനില്ല..! അവസാനം ക്ഷമകെട്ട്‌ മുത്തപ്പന്‍ ഗര്‍ജ്ജിച്ചു..

"ബട്‌, വേര്‍ ഈസ്‌ ദ കമ്പ്യൂട്ടര്‍.."

"സര്‍, യൂ ആര്‍ സ്റ്റാന്‍ഡിംഗ്‌ ഇന്‍ ഫ്രണ്ട്‌ ഓഫ്‌ ദാറ്റ്‌.." വളരെയധികം വിനയത്തോടെ ആപ്പീസര്‍ ചൊല്ലിക്കൊടുത്തു.

ഇനിയും ഒന്നുകൂടി ചമ്മാനുള്ള തൊലിക്കട്ടി ലേശം കുറവായിരുന്ന ആ മുത്തപ്പന്‍ 'വിസിറ്റ്‌' അതോടെ മതിയാക്കി, കിട്ടാവുന്ന സ്പീഡില്‍ തിരിച്ച്‌ പോയെന്ന്, ഉച്ചഭക്ഷണത്തിനുള്ള തന്റെ ഊഴവും കാത്ത്‌ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആരോ പറയുന്നത്‌ കഥാനായകന്‍ കേട്ടു.



വാല്‍.: റഷ്യക്കാര്‍ മിലിട്ടറിയില്‍ ഡിജിറ്റല്‍ തന്ത്രങ്ങള്‍ അധികം ഉപയോഗിയ്ക്കാറില്ല. മാത്രവുമല്ല, ഇതൊരു സ്പെഷല്‍ പര്‍പ്പസ്‌ കമ്പ്യൂട്ടര്‍ ആയിരുന്നു. ഫയര്‍ കണ്ട്രോളിന്‌ ഉപയോഗിയ്ക്കുന്ന അനലോഗ്‌ കമ്പ്യൂട്ടര്‍. സാധാരണ കമ്പ്യൂട്ടറിലെ പോലെ മൈക്രോപ്രോസസ്സറൊന്നും അതില്‍ കാണില്ല.., മറിച്ച്‌, ഒരുപാട്‌ റോട്ടറി ട്രാന്‍സ്ഫോര്‍മര്‍, സൈന്‍ കൊസൈന്‍ റോട്ടറി ട്രാന്‍സ്ഫോര്‍മര്‍, റിഡക്ഷന്‍ ഗിയറുകള്‍ എന്നിവയൊക്കെയാണ്‌ അതിന്റെ ഉള്ളില്‍.. അതുകൊണ്ടാണ്‌ ആ കോലിട്ടുള്ള തിരിയ്ക്കല്‍..! പിടി കിട്ട്യാ..?

FCI - Fire Control Instructions
1 nautical mile = 2 kmph (approx)

Monday, March 3, 2008

“ഏറ്റോം സുഖള്ള കാര്യം...”

പതിവു പോലെ ശങ്കുമാഷ്‌ അന്നും സ്കൂളില്‍ എത്തി.


"ഇന്നിനി എന്തൊക്കെ പുകിലാ ഉണ്ടാകുന്നത്‌.. ന്റെ ഗുരുവായൂരപ്പാ..."


എന്നും സ്കൂളില്‍ എത്തിയാല്‍ ഗുരുവായൂരപ്പനെ നല്ലോണം മനസ്സില്‍ ഉള്ളുരുകി വിളിച്ചിട്ടാ തുടക്കം. എന്നിരുന്നാലും ഓരോ വിധത്തിലാ ഓരോ ദിവസവും കൊണ്ടുപോകുന്നെ.


'എങ്ങനേങ്കിലും ഒന്ന് പെന്‍ഷനായി പിരിഞ്ഞാ മത്യാര്‍ന്നു..'സാക്ഷാല്‍ ഗുരുവായൂരപ്പന്‍ പോലും വിചാരിച്ചാല്‍ പറ്റില്ല്യ.. പിന്ന്യാ ഈ ഞാന്‍..ഈ പിള്ളാരെ മേയ്ക്കണതേ..


ഇത്രേം തല തെറിച്ച പിള്ളാരെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല., ഹെന്റമ്മോ..


വീടിനടുത്തുള്ള ഈ സ്കൂളിലേയ്ക്ക്‌ സ്ഥലം മാറ്റത്തിന്‌ അപേക്ഷിയ്ക്കുമ്പോഴേ കൂടെയുള്ളവര്‍ ചോദിച്ചതാ.., 'മാഷേ.., വേണോ..?'


കൊറച്ചൊക്കെ ഇവിടുത്തെ വിശേഷങ്ങള്‍ കേട്ടിരുന്നു എങ്കിലും അതൊക്കെ ആളോള്‌ വെറുതെ പൊടിപ്പും തൊങ്ങലും വെച്ച്‌ പറയണതായിരിയ്ക്കും എന്നേ അന്നൊക്കെ തോന്നിയുള്ളു.. എന്തൊക്കെയായാലും പെന്‍ഷനാവുന്ന സമയത്ത്‌ വീടിനടുത്ത്‌ ജോലിയുള്ളത്‌ നല്ലതല്ലേ..


ഇനീപ്പോ പറഞ്ഞട്ടെന്താ കാര്യം..? പോയ ബുദ്ധി ആന പിടിച്ചാ കിട്ട്വോ..?ഒരഞ്ചാറ്‌ നാഴിക ചുറ്റുവട്ടത്തില്‍ ഉള്ള ഒരേയൊരു ഹൈസ്കൂള്‍. ബോധപൂര്‍വം ആനന്ദിച്ചു നടന്നിരുന്ന ഒരു സ്വാമിജിയുടെ പേരിലുള്ളത്‌..


പത്താം ക്ലാസ്‌ പരീക്ഷയ്ക്ക്‌ നൂറുമേനി 'പരാജയം' തുടര്‍ച്ചയായി കൊയ്തുകൊണ്ടിരിയ്ക്കുന്നുവെന്ന അസുലഭ നേട്ടം കൈവരിച്ച ചുരുക്കം ചിലപള്ളിക്കൂടങ്ങളിലൊന്ന്..


'തല തെറിച്ച പിള്ളേര്‍. തല നരച്ച മാഷമ്മാരും..ഞാനടക്കം..


''എസ്‌ എസ്‌ എല്‍ സീ ഫെയില്‍ഡ്‌' എന്ന മുന്തിയ ഡിഗ്രി അന്തസ്സിന്റെ അടയാളമായി നിലനിന്നിരുന്ന കാലം..സ്കൂളില്‍ വന്നിരുന്ന തല തെറിച്ചവന്മാരുടെ ഒരേയൊരാഗ്രഹം എങ്ങനെയെങ്കിലും 'ആ ഒരു ഡിഗ്രി' സമ്പാദിയ്ക്കുക എന്നത്‌ മാത്രമായിരുന്നു. തെറ്റ്‌ പറയരുതല്ലോ, അതിനുവേണ്ടി അവര്‍ കിണഞ്ഞ്‌ 'പരിശ്രമിച്ച്‌' പോന്നിരുന്നു താനും.


പിന്നെ ഒരു കാര്യത്തില്‍ മാത്രം പിള്ളാര്‌ 'ക്ലാസ്സില്‍' ഡീസന്റായിരുന്നു. കെട്ടുപ്രായം കഴിഞ്ഞ്‌ നില്‍ക്കുന്നവരാണെങ്കിലും 'പെണ്‍ വിഷയ'ത്തില്‍ മാത്രം ആണ്‍പിള്ളേര്‍ക്ക്‌ യാതൊരു ഇന്ററെസ്റ്റും ഇല്ലായിരുന്നു. അതിന്‌ അവരെ കുറ്റം പറഞ്ഞിട്ട്‌ എന്താ കാര്യം. ക്ലാസ്സില്‍ മരുന്നിനെങ്കിലും ഒരെണ്ണം ഉണ്ടായിട്ട്‌ വേണ്ടേ..?


ആദ്യ പിര്യേഡ്‌ തന്നെ പത്താം ക്ലാസ്സുകാര്‍ക്കാ.. കറക്ട്‌ നേരത്തിനൊന്നും പോയിട്ട്‌ ഒരു കാര്യോം ല്ല്യ. ആ തല തെറിച്ചോന്മാര്‌, യൂപീ സ്കൂളിന്റെ മുമ്പില്‍ തിണ്ണ നെരങ്ങ്വായിരിയ്ക്കും..


ഹെഡ്‌ മാഷുടെ ലാത്തിചാര്‍ജ്‌ കഴിഞ്ഞിട്ടും, കുറച്ച്‌ നേരം കഴിഞ്ഞാണ്‌ ഒരോരുത്തരുടെ എഴുന്നള്ളത്ത്‌!...


ഇനി ഹാജര്‍ വിളിച്ച്‌ ബുദ്ധിമുട്ടണ്ട.. ഓരോരുത്തരായി വരുന്ന മുറയ്ക്ക്‌ ഹാജര്‍ രേഖപ്പെടുത്തി.. ഇരുപത്‌ മിനിട്ട്‌ അങ്ങനെ പോയികിട്ടി.. ആശ്വാസം..


എങ്ങനെ തുടങ്ങും.. എന്ത്‌ തുടങ്ങും..? വിഷയം മലയാളമാണ്‌.


ആലോചിച്ച്‌ നില്‍ക്കുന്നതിനിടയില്‍ പതിനഞ്ച്‌ പേരുടെയും ഒച്ച ഒരുമിച്ച്‌ വന്ന് കാതടച്ചു. അധികവും കേട്ടത്‌ 'അവളെന്ന്യാ നോക്ക്യേ... അല്ല, എന്ന്യാ..' എന്ന പതിവു വാഗ്വാദങ്ങളായിരുന്നു..ശവങ്ങള്‌..!


ഓട്ട വീണ പനമ്പിനിടയിലൂടെ ഹെഡ്‌മാഷുടെ കഷണ്ടിത്തല ഭാഗീരധിടീച്ചറുടെ ക്ലാസ്സിനടുത്ത്‌ കണ്ടപ്പോഴാണ്‌ പരിസരബോധം ഉണ്ടായത്‌..ഇനി ഇങ്ങോട്ടാവും ഉണ്ടക്കണ്ണന്റെ അടുത്ത വരവ്‌.. അതിനു മുമ്പ്‌ ഈ മുടിഞ്ഞവന്മാരെ ഒന്ന് ഒതുക്കണം..


വിഷയം ആശാന്റെ 'കരുണ..' പിള്ളാര്‍ക്ക്‌ കൊറച്ചെങ്കിലും താല്‍പര്യം ഉണ്ടാകാതിരിയ്ക്കാനിടയില്ല..!


മാഷ്‌ തടിച്ച ചൂരലെടുത്ത്‌ മേശമേലടിച്ച്‌ പിള്ളാരുടെ ശ്രദ്ധ തന്നിലേയ്ക്കാകര്‍ഷിയ്ക്കാന്‍ ശ്രമിച്ചു.. ഒപ്പം ഇന്നലെ ചൊല്ലിക്കൊടുത്ത വരികള്‍ ഒന്നുകൂടി റിവൈസ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിനായി കണ്ഠശുദ്ധി വരുത്തി..


എവടെ.. ഒരാള്‌ പോലും തല തിരിച്ച്‌ നോക്കണ്ടെ...? തല തിരിഞ്ഞവന്മാര്‌..!ഇനീപ്പെന്താ ചെയ്യ്യാ..ഗുരുവായൂരപ്പാ..


ഉടനെതന്നെ തലയില്‍ ഒരു അമിട്ട്‌ പൊട്ടി.. 'ഡും.......'(ഭഗവാന്‍ തോന്നിച്ചതാവും..!)


എന്നാ പിന്നെ ഇന്നതന്ന്യാവട്ടെ..


'കുട്ടികളെ.. ഇന്നു പഠനം ഇല്ല.. ഞാന്‍ ഒരു ചെറിയ തമാശ പറയാം..' മാഷുടെ സ്വല്‍പം കൊഞ്ഞപ്പുള്ള ശബ്ദം പുറത്ത്‌ വന്നു..


'ഇനി അങ്ങനെ തന്ന്യല്ലേ പൊറത്ത്‌ വന്നത്‌..? ആവോ.. ഉദ്ധേശിച്ചത്‌ അതു തന്ന്യാ..'


പഠനം ഇല്ല എന്ന് കേട്ടതും പയ്യന്മാരുടെ മുഖത്തെല്ലാം ഒരു വെളിച്ചം.. കരമീശയില്‍ ഒന്നമര്‍ത്തി തടവി എല്ല്ലാവരും ശങ്കുമാഷെ സാകൂതം നോക്കി..


'തമാശ ഇല്ലെങ്കിലും വേണ്ട.. ഈ കെളവന്റെ വധം സഹിയ്ക്കേണ്ടല്ലോ..' പിള്ളാര്‍ക്കെല്ലാം നല്ല ഇന്ററെസ്റ്റ്‌..


ക്ലാസ്‌ പെട്ടെന്നു തന്നെ നിശ്ശബ്ദമായി..'ഗുരുവായൂരപ്പാ.. ന്റെ വിളി കേട്ടു..' മാഷ്‌ മനസ്സില്‍ ഭഗവാനോട്‌ നന്ദി പറഞ്ഞു.. ഉണ്ടക്കണ്ണന്‍ തിരിച്ച്‌ പോകുന്നത്‌ പനമ്പിനിടയിലൂടെ ഒളികണ്ണാല്‍ കണ്ടു..


'ഒരു ശല്യം ഒഴിഞ്ഞു..' മാഷ്‌ മനസ്സില്‍ കരുതി.. ഇനിയും പതിനഞ്ചെണ്ണം ബാക്കി..!


'ഞാന്‍ ഒരു ചെറിയ ചോദ്യം ചോദിയ്ക്കാം.. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്നായി അറിയുന്നത്‌ തന്നെ.. അതിന്റെ ഉത്തരം പറഞ്ഞ്‌ കഴിഞ്ഞ്‌ തമാശ..'


മാഷ്‌ പരമാവുധി കൊഞ്ഞപ്പില്ലാതെ പറഞ്ഞു..എല്ലാവരും ചോദ്യം കേള്‍ക്കാന്‍ അക്ഷമരായി ഇരിയ്ക്കുന്നതു കണ്ട മാഷുടെ മനം കുളിര്‍ത്തു..


വൈകാതെ തന്നെ ചോദ്യം വന്നു...


"ജീവിതത്തില്‌, ഏറ്റവും സുഖള്ള കാര്യെന്താ.., ചെയ്യാന്‍..?"

ചെറിയ കൊഞ്ഞപ്പോടെ തന്നെ, മാഷ്‌ ചോദ്യം അവതരിപ്പിച്ചു..


ആശ്വാസം.. 'ഇനിയെല്ലാം അവരായിക്കോളും..'


പിന്നെ കുറച്ച്‌ നേരത്തേയ്ക്ക്‌ ക്ലാസ്സില്‍ പിന്‍ഡ്രോപ്‌ സയ്‌ലെന്‍സ്‌..


ബുദ്ധിജീവികള്‍ പതിനഞ്ചും ഒറ്റക്കായിരുന്നു ചിന്ത.., തുടക്കത്തില്‍..


ഇത്രയും നിസ്സാരമായ ഒരു ചോദ്യത്തിന്‌ ശരിയുത്തരം പറഞ്ഞ്‌ ക്ലാസ്സില്‍ ഷൈന്‍ ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നുവോ ആവോ..


ചിന്തകള്‍ അടുത്തിരിയ്ക്കുന്നവരിലേയ്ക്കും, പിന്നീട്‌ 'ഗ്രൂപ്പ്‌ ഡിസ്കഷനിലേയ്ക്കും' മാറിയപ്പോള്‍, മാഷ്‌ ഇടപെട്ടു.. അതാണല്ലോ അതിന്റെ ഒരു ശരി..!


മതി, ഇനി 'താന്‍' പറയടോ..


മുന്‍ ബെഞ്ചില്‍ തന്നെ ഇരിയ്ക്കുന്ന തടിയന്‍ ഹംസയെ ചൂണ്ടി മാഷ്‌ ഉത്തരവിട്ടു...( കാര്യം പിള്ളാരൊക്കെ ആണെങ്കിലും വിളിയിലൊക്കെ ഒരു ബഹുമാനം വരുത്താറുണ്ട്‌ മാഷ്‌. കുരുത്തം കെട്ടോര്‌.. എങ്ങാനും കൈ വെച്ചാല്‍...!)


വലിയ പെരുന്നളിന്‌ മാത്രം 'ഉമ്മ' ഉണ്ടാക്കാറുള്ള പത്തിരീം കോഴ്യെറച്ചീം സ്വപ്നം കണ്ടുകൊണ്ടിരുന്ന തടിയന്‍ ഹംസ ചാടിയെഴുന്നേറ്റ്‌, അവനറിയാവുന്നത്‌ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചു..


"അത്‌ പിന്നെ ഉമ്മാന്റെ പത്തിരി, കോയ്യെറച്കി കൂട്ടി ബയറ്‌ മുട്ടെ കയിക്കണത്‌.."


ഫസ്റ്റ്‌ ബെഞ്ചില്‍ ഇരുന്നിട്ടെന്താ കാര്യം..? ഹംസ പരീക്ഷയില്‍ മാര്‍ക്കിന്റെ കാര്യത്തില്‍ എന്നും ലാസ്റ്റാ..'


ഇത്തവണയെങ്കിലും ഞാനായിരിയ്ക്കും ഫസ്റ്റ്‌' എന്ന (അന്ധ)വിശ്വാസം അവന്റെ മുഖത്ത്‌ പ്രതിഫലിച്ചു.. ആ ഒരു വിശ്വാസത്തോടെ, റിസള്‍ട്ടറിയാന്‍ അവന്‍ മാഷുടെ മുഖത്തേയ്ക്ക്‌ സൂക്ഷിച്ച്‌ നോക്കി..


മാഷ്‌ നിഷേധഭാവത്താല്‍ തല ഇടത്തേയ്ക്കും വലത്തേയ്ക്കും ആട്ടുന്നത്‌ കണ്ടു.. 'കണ്ണീ ചോരേല്ല്യാത്ത പഹേന്‍..' ഹംസ പല്ല് ഞെരിച്ചു..


അതിനു ശേഷം എല്ലാവരില്‍ നിന്നും പല പല അഭിപ്രായങ്ങള്‍ വന്നുകൊണ്ടേയിരുന്നു.. അവരവരുടെ കപ്പാസിറ്റി അനുസരിച്ച്‌....


'ഒറങ്ങണത്‌..'
'സിനിമയ്ക്ക്‌ പോണത്‌..'
'എറച്ചീം പൊറോട്ടേം അടിയ്ക്കണത്‌..'
'കുമ്പസാരിയ്ക്കണത്‌..'
ബസ്സില്‌ കറങ്ങി നടക്കണത്‌..
'അമ്മേടെ ചാളക്കൂട്ടാന്‍ കൂട്ടി ചോറുണ്ണണത്‌..'
'ഐസ്പ്രൂട്ട്‌ തിന്നണത്‌..'
'ചൂണ്ട ഇട്ട്‌ മീന്‍ പിടിയ്ക്കണത്‌..'
'കൊറെ കാശ്‌ കയ്യില്‌ ഇണ്ടാവണത്‌..'


അങ്ങനെ പോയി തുടക്കത്തില്‍..


മാഷ്‌ ഇതിനെല്ലാം മുമ്പത്തെ പോലെ തല ഇരു വശത്തേയ്ക്കും ആട്ടുന്നത്‌ കണ്ട ശിഷ്യന്മാര്‍ക്ക്‌ വാശിയായി..


'എന്നാ പിന്നെ അറ്റ കൈ പ്രയോഗിച്ച്‌ കളയാം..'തല തെറിച്ചവന്മാര്‍ ഒരുറച്ച തീരുമാനത്തിലെത്തി..


പിന്നെ കുറച്ച്‌ കടന്ന ചിന്തകളായിരുന്നു..എന്നാലും ചിലതെല്ലാം നാലാളോട്‌ പറയാന്‍ കൊള്ളാവുന്നത്‌ തന്നെ.. അതിങ്ങനെ..
'കള്ള്‌ കുടിയ്ക്കണത്‌..'
'ചാരായം അടിയ്ക്കണത്‌..'
'കള്ളും ചാരായോം കൂട്ടി അടിയ്ക്കണത്‌..'
'കഞ്ചാവ്‌ അടിയ്ക്കുന്നത്‌..'
'കള്ള്‌ കുടിച്ച്‌ കഞ്ചാവ്‌ അടിയ്ക്കുന്നത്‌..'

ഈ പിള്ളാര്‌ ഇത്ര്യേ ഉള്ളൂ എന്ന ആശ്ചര്യത്തോടെ മാഷ്‌ ഇതെല്ലാം കേട്ട്‌ തല ഇരു വശത്തേയ്ക്കും ആട്ടിക്കൊണ്ടിരുന്നു..

ദേ വരുന്നു.. അവസാനത്തെ.. അതും തനിയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനില്‍ നിന്നും.. അവസാനം ഉത്തരം പറഞ്ഞ്‌ കേമനാവാം എന്ന ആ മുടിഞ്ഞവന്റെ ഉത്തരം ഇങ്ങനെ..

" കല്യാണം കഴിയ്ക്കണത്‌.."

അതു പറയുമ്പോള്‍ ആറാം ക്ലാസ്സില്‍ പഠിയ്ക്കുന്ന സൗദാമിനിയുടെ 'ശരീര ശാസ്ത്രം അവന്‍ മനസ്സിലേയ്ക്കാവാഹിച്ചിരുന്നു എന്നു മാഷ്ക്ക്‌ മനസ്സിലായി..വൃത്തി കെട്ടവന്‍.. എന്നിട്ടവന്റെ ആ കൊന്ത്രമ്പല്ല് കാട്ടീള്ള ചിരി കാണുമ്പോഴാ..

'ഞങ്ങളെല്ലാം ഇതു തന്നെ പറയണമെന്ന് കരുതീരുന്നതാ.. എന്നാലും..' എന്ന മട്ടില്‍ ഒരു മുഖഭാവം ബാക്കി പതിനാല്‌ മര്‍ക്കടവദനങ്ങളിലും ഓടിക്കളിയ്ക്കുന്നുണ്ടായിരുന്നു..

എന്നാല്‍ അതിനും, മഷുടെ തല നിഷേധാര്‍ത്തത്തില്‍ രണ്ട്‌ വശത്തേയ്ക്കും ചലിയ്ക്കുന്ന കണ്ടതോടെ പിള്ളാര്‍ എല്ലാം ഫ്ലാറ്റ്‌!. ഇനി എന്ത്‌ പറയാന്‍...!!?

അവസാനം എല്ലാവരും തോല്‍വി സമ്മതിച്ചു..

'എന്നാ ഇനി നിങ്ങളന്നെ പറയേന്‍ മാഷേ..'

മാഷുടെ മുഖം സന്തോഷം കൊണ്ട്‌ വെട്ടി തിളങ്ങി. ഒരിയ്ക്കലെങ്കിലും ഇവന്മാരെ ഒന്നു മുട്ട്‌ കുത്തിയ്ക്കാനായല്ലോ..

വേണ്ടതിലധികം സമയം എടുത്ത്‌, മാഷ്‌ പതിയെ മൊഴിഞ്ഞു..

"അത്‌ പിന്നെ..., ഈ മലോം മൂത്രോം.., വിടണ്ട സമയത്തങ്ങ്‌ട്‌ വിട്വാ.. ഏറ്റോം സുഖള്ള കാര്യം.."

ഉത്തരം കേട്ട പതിനഞ്ച്‌ പേരും ഇടിവെട്ടേറ്റതുപോലെ ഇരുന്ന് പോയി..

പിര്യേഡ്‌ അവസാനിച്ച മണി മുഴങ്ങിയതും, ശങ്കുമാഷ്‌ ക്ലാസ്സ്‌ വിട്ടതുമൊന്നും അവരറിഞ്ഞില്ല..