Wednesday, April 2, 2008

"മാക്രി ഒലര്‍ത്തീത്..”

യു ഏ ഈ' മീറ്റിന്റെ പുകിലുകളൊക്കെ വായിച്ചറിഞ്ഞ്‌,അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കാപ്പിലാന്റെ കള്ള്ഷാപ്പ്യേ കേറി, മൂത്ത ആനമയക്കി നാലെണ്ണം അടിച്ച്‌ നാലുകാലില്‍ കാപ്പില്‍ പാടവരമ്പിലൂടെ ആടിയാടി വീട്ടിലേയ്ക്ക്‌ മടങ്ങിക്കൊണ്ടിരുന്ന ആ രാത്രി..

'കുറുമാന്‍'ഉം 'ഗീതടീച്ചര്‍'ഉം 'തോന്ന്യാസീ'ം മറ്റും ഷാപ്പ്‌ അടിച്ച്‌ വാരി പോയതായിരുന്നൂന്ന് പറയണ കേട്ടു, എന്നാലും ആനമയക്കീടെ കിക്കിന്‌ യാതൊരു കൊറവും ണ്ടായില്ല്യ..

കാപ്പിലാനെ അതോടെ നമിച്ചു..അങ്ങനെ വരമ്പത്തൊക്കെ എടേലെടേല്‌ 'ഇടി'വാളും 'കൊട്‌'വാളുംവെച്ച്‌, അയ്യപ്പനേം മനസ്സില്‍ വിചാരിച്ച്‌, വേച്ച്‌ വേച്ച്‌ നടന്ന് വരുമ്പോ....പാച്ചൂസും കുഞ്ഞനും, പാമരന്റേം നിരക്ഷരന്റേം പിന്നാലെ പോണ കണ്ടു...

കൊറച്ച് കഴിഞപ്പോ....!

ദാ വരുണൂ ഒരു സാധനം...!!

ഞാന്‍ ഒന്നുകൂടി കണ്ണ്‍ നന്നായി തൊറന്ന് നോക്കി. അടച്ച്‌ പിന്നേം തൊറന്നു..മാഗ്‌ലൈറ്റ്‌ ശരിയ്ക്കും, കെടുത്താണ്ട്‌ അടിച്ച്‌ നോക്കി..

തോട്ടുവരമ്പില്‌ കണ്ണും മിഴിച്ച്‌ എന്നെ തന്നെ നോക്കി ഇരിയ്ക്കുണൂ...

"ഒരു 'പെരിയ' പച്ചത്തവള..!!"

ടോര്‍ച്ച്‌ കെടുത്താതെ തന്നെ പതുക്കെ മുന്നോട്ടാഞ്ഞ്‌ തവളയുടെ കഴുത്തില്‍ പിടി മുറുക്കി..പാടവരമ്പത്തെ 'കൈതമുള്ള്‌' അപ്പോ എന്റെ കഴുത്തിലും ചെറുതായൊന്ന് ഉടക്കി..

ഹെന്റമ്മേ.. ഒരു മുക്കാല്‍ കിലോയ്ക്ക്‌ മേലെ തൂക്കം വരും..! ചാക്കൊന്നും തല്‍ക്കാലം കയ്യിലില്ലാഞ്ഞോണ്ട്‌, ഉടുത്തിരുന്ന ലുങ്കി ഊരി അവനെ അതിന്റെ ഉള്ളില്‍ ‘ഭദ്ര‘മായി കെട്ടി പൊതിഞ്ഞു. (അടീല്‌ തമിഴ്‌ സ്റ്റെയില്‍ 'കള്‍സം' ണ്ടായിരുന്നോണ്ട്‌ വീട്ടിലേയ്ക്കുള്ള ബാക്കി ദൂരം ഒരു വിധം ‘മനോജ്‌ ‘ചെയ്തു.., ച്ഛേ.. മാനേജ് ചെയ്തു). എന്തായാലും 'സണ്‍ ഡേ' സ്പെഷ്യല്‍ അവന്‍ തന്നെ എന്ന് മനസ്സില്‍ അടിവരേട്ട്‌ കുറിച്ചിട്വേം ചെയ്തു..

വീട്ടിലേയ്ക്ക്‌ കേറിയതേ, 'തറവാട്ട്‌'മുറ്റത്തുള്ള ഒരു 'മഷിത്തണ്ട്‌'ഉം പറിച്ച് വലത്തെ കയ്യില്‍ പിടിച്ചും കൊണ്ടായിരുന്നു..

"മോനെ.. അപ്പൂ...." (മോളാണെങ്കിലും 'മോനേ'ന്നാ .., അഥവാ.. 'മേന്നേ'ന്നാ വിളിച്ച്‌ പഴക്കം..!)

അവള്‌ 'വിശാലമായി മനസ്സ്‌' തുറന്ന് ഒറങ്ങ്വായിരുന്നൂന്ന് പിന്നീട്‌ മനസ്സിലായി..

പിറ്റേന്ന് കാലത്ത്‌ ലുങ്കിയില്‍ ബന്ധനസ്ഥനായിരുന്ന മാക്രീ വിലാപം കേട്ടാണ്‌ ഉണര്‍ന്നത്‌ തന്നെ.

രാവിലെ തന്നെ തവള നിഗ്രഹത്തിനുള്ള പൊറപ്പാടാണെന്നറിഞ്ഞതും, പെണ്ണുമ്പിള്ള അടുക്കള പൂട്ടി താക്കോല്‌ കയ്യില്‍ തന്ന്, മോളേം കൂട്ടി അമ്പലദര്‍ശനത്തിനുള്ള 'പുറപ്പാട്‌' തുടങ്ങി..

അടിയന്‍, തൊഴുത്‌ മാറി നിന്നു. ദുര്‍ഗ്ഗാ ദേവീ... ശപിയ്ക്കല്ലേ..."

പുറപ്പാട്‌ പഠിയ്ക്കല്‍ എത്തിയതും, അടിയന്‍ അപേക്ഷിച്ചു...

"ട്യേ... എനിയ്ക്കും കൂടി വേണ്ടതൊക്കെ നീ തന്നെ ചോദിച്ചോ അങ്ങോരോട്‌.."

"പിന്നേ, ഇനിയ്ക്കതല്ലേ പണി..? നിങ്ങളീ കാണിയ്ക്കണേന്റെ ശാപം നിങ്ങളന്നെ അനുഭവിച്ചോ.." സ്നേഹമയിയായ ‘ഫാര്യ‘യുടെ ഉത്തരം വെടിക്കെട്ട്‌ പോലെ വന്നു..

വിളിയില്‍ പരമാവധി പ്രേമം ചേര്‍ത്ത്‌ ഞാന്‍ പെണ്ണുമ്പിള്ളോട്‌ കെഞ്ചി..

"മോളെ.., 'പ്രിയേ'.., പ്രേയസീ.., നീയാ തവളെ ഒന്ന് ശരിയാക്ക്‌.., ദര്‍ശനം കഴിഞ്ഞിട്ട്‌ മതി.."

"ഇനിയ്ക്കതൊന്നും അറിയില്ല്യ.. നിങ്ങളോരോന്ന് ഓരോ ദിവസോം കൊണ്ട്വരും.. പിന്നെ അത്‌ ശര്യാക്കാന്‍, വെറുതേ എന്റെ മെക്കട്ട്‌ കേറണ്ട.." പ്രിയേടെ കമന്റ്‌..!!

നീയാ തെക്കേലെ 'ത്രേസ്യാമ്മേം',, വടക്കേലെ 'അല്‍പോന്‍സേം' കണ്ട്‌ പഠിയ്ക്ക്‌.. എന്തേങ്കിലും വായീ കൊള്ളാവുന്ന പോലെ വെയ്ക്കാന്‍ അവരെ കണ്ട്‌ പഠിയ്ക്കണം..

"നിങ്ങള്‌ കൊറേ വെച്ചും കണ്ടും ഒക്കെ പഠിച്ചതല്ലേ , എന്നാ അവളുമാരോട്‌ പോയി ചോയ്ച്ച്‌, അവര്‌ പറയണപോലെ വെയ്ക്ക്‌.."ഭാര്യ നിമിഷാര്‍ദ്ധത്തില്‍ കൊടുങ്ങല്ലൂരിലെത്തി, ദേവീസ്തുതി തുടങ്ങി....!

എന്റമ്മായിയമ്മേ....എന്നാപിന്നെ രണ്ടിലൊന്ന് അറിഞ്ഞിട്ട്‌ തന്നെ കാര്യം..

ഞാന്‍ തോര്‍ത്ത്‌മുണ്ടും തലേല്‍ കെട്ടി, മ്മടെ 'നളേട്ടനെ' നല്ലോണം മനസ്സില്‍ ധ്യാനിച്ച്‌, വലതുകാല്‍ വെച്ച്‌ 'അഭിഷേകായി' അടുക്കളേ കേറി..

ആദ്യം തന്നെ മാക്രിയ്ക്ക്‌ 'ഹലാല്‍' മോക്ഷം നല്‍കി...

പിന്നെ ഒരര മണിക്കൂര്‍ നേരം പൊരിഞ്ഞ പണ്യായിരുന്നു.

അവസാനം പാത്രത്തില്‍ നല്ല രസികന്‍ തവള ഒലര്‍ത്തീത്‌ റെഡി....

ആര്‍ക്കെങ്കിലും പരീക്ഷിയ്ക്കണെങ്കി...., (തല)വിധി താഴെ പറയും പോലെ. എന്താ... നോക്ക്ണ്ടാ...?

സംഘടിപ്പിയ്ക്കണ്ട സാനങ്ങള്‌.....

തവളെറച്ചി - അര കിലോ

(ഇത്‌ കിട്ടാനും കഴിയ്ക്കാനും പ്രയാസമുള്ളവര്‍ക്ക്‌, ഞണ്ടെറച്ചിയോ, കോഴ്യെറച്ചിയോ,,വെജിറ്ററേനിയന്‍സിന്‌ വേണമെങ്കില്‍ കോഴിമുട്ടയോ പകരമായി ഉപയോഗിയ്ക്കാം. ഞാന്‍ പറയാന്‌ള്ളത്‌ പറഞ്ഞു.. ഇന്യൊക്കെ നിങ്ങടെ ഇഷ്ടം...)

സബോള - രണ്ടെണ്ണം (നല്ല കിരുകിരുപ്പായി കൊത്തിയരിഞ്ഞത്‌)

തക്കാളി - ഒരൊന്നൊന്നര എണ്ണം

ഇഞ്ചി -ഒരിഞ്ച്‌ നീളത്തില്‍ (സ്കെയില്‍ വെച്ച്‌ അളക്കണം, അത്‌ ചെയ്തില്ലെങ്കി സംഭവം കൊളമാകും, പറഞ്ഞേക്കാം..)

പച്ച മുളക്‌ -രണ്ട്‌ (നെടുകെയും കുറുകെയും പിളര്‍ന്നത്‌.)

വെളുത്തുള്ളി -ഒരല്ലിയാമ്പല്‍

മുളക്‌ പൊടി -ഒരു കുഞ്ഞിപ്പിടി

മഞ്ഞള്‍ പൊടി - മഞ്ഞക്കളര്‍ ആവശ്യമുള്ളത്രയും

മല്ലി പൊടി -ഒരര പിടി

ഉപ്പ്‌ -വേണെങ്കി മാത്രം..

കടുക്‌ -കൊറച്ച്‌

ഉലുവ വറുത്ത്‌ പൊടിച്ചത്‌ -അതും കൊറച്ച്‌

വെളിച്ചെണ്ണ - തീരെ കൊറച്ച്‌ ( കൊളുപ്പ്... കൊളുപ്പ്...)

കൊടമ്പുളി - രണ്ടല്ലിയാമ്പല്

‍തേങ്ങപ്പാല്‍ - ഒരു പ്ലാസ്റ്റിക്‌ കപ്പ്‌ മുയോന്‍ (ഒരൊന്നര പെഗ്‌ കൊള്ളണ ടൈപ്‌)

ലെവനെ ലെവലാക്കുന്ന വഴി..

ഒരു പെഗ്‌ വെള്ളത്തില്‍ കൊടമ്പുളീട്ട്‌ അഞ്ച്‌ മിനിറ്റ്‌ നേരം അതിനെ വെറുതെ ബോറടിയ്ക്കാന്‍ വിടുക..

ചൂടായ ചീഞ്ചട്ടീല്‌ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിയ്ക്ക്യ. ..അതില്യ്ക്ക്‌ പൊട്യായി അരിഞ്ഞ സബോള ചേര്‍ത്ത്‌ വഴറ്റുക. ഒന്നു വാടുമ്പോ, അരിഞ്ഞ്‌ വെച്ച ഇഞ്ചീം വെളുത്തുള്ളീം പച്ചമൊളകും, കറിവേപ്പിലേം ചേര്‍ത്ത്‌ കൊഴയ്ക്ക്യ...

പിന്നെ, മൊളക്‌ പൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി ഒക്കെ ചേര്‍ത്ത്‌ ഒരര മിനിട്ട്‌ എളക്കി അതില്‌ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത്‌ വേവിയ്ക്ക്യാ...ന്നട്ട്‌..

ഇതില്യ്ക്ക്‌, വെള്ളത്തിലിട്ട്‌ വെച്ച കൊടമ്പുളി(വെള്ളത്തോടെ) ചേര്‍ത്ത്, എറച്ചീം ഉപ്പും ചേര്‍ത്ത്‌ നന്നായി എളയ്ക്കി അഞ്ച്‌ മിനിറ്റ്‌ അടച്ചിട്ട്‌ വേവിയ്ക്ക്യ....അടപ്പ്‌ തൊറന്ന്, വെള്ളം ഒരു വിധങ്ങ്‌ട്‌ വറ്റുമ്പോ, നാള്യേരപ്പാലും ഉലുവപ്പൊടീം ചേര്‍ത്ത്‌ നന്നായി എളയ്ക്കി ഒന്നു ചൂടാവുമ്പോ വാങ്ങിവെച്ച്‌ ചൂടോട്യോ.. തണുത്തേന്‌ ശേഷോ ഉപയോഗിയ്ക്ക്യ..(നന്നായ്യെങ്കി കഴിയ്ക്ക്വാ, അല്ലെങ്കി കാട്ട്യേ കളയ്‌വാ..)

ന്താ ശര്യായോ..???