Tuesday, December 23, 2008

ഒരു കുസൃതി ചോദ്യം

ഒന്നര മാസത്തോളമായി തുടരുന്ന ഏകാന്തവാസത്തിന് തിരശ്ശീല വീഴാൻ പോകുന്ന സന്തോഷത്തിൽ, ഇന്നലെ വൈകീട്ട് നാട്ടിൽ പോക്കിന്റെ ചില ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഈ ചോദ്യം മനസ്സിലേയ്ക്ക് ഓടിയെത്തിയത്.

പണ്ട് നേവിയിൽ ട്രെയിനിംഗ് സമയത്ത് കേട്ടിട്ടുള്ള ഒരു ചോദ്യമാണ്. ഉത്തരം വളരെ രസകരവും.

അധികം വൈകാതെ തന്നെ, നാട്ടിൽ പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് കൊണ്ടിരിയ്ക്കുന്ന ഒരു ബ്ലോഗർ സുഹൃത്തിനോട് ഫോണിൽ സംസാരിച്ചപ്പോൾ ഒരു തമാശയ്ക്ക് ഈ ചോദ്യം ചോദിച്ചു.

“Which is the Biggest Ship in Indian Navy?"

ഉത്തരം കേട്ട് ഞാൻ ഒന്ന് ഞെട്ടി. “വിക്ടോറിയ ആണോ?“

ഈശ്വരാ.. വിക്ടോറിയ ടെർമിനസ്, വിക്ടോറിയ രാജ്ഞി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ‘ഐ എൻ എസ് വിക്ടോറിയ‘ എന്ന ഒരു കപ്പലിനെകുറിച്ച് കേട്ട്കേൾവി പോലും ഇല്ല!!

രാത്രിയിൽ, ചെന്നൈയിലുള്ള ഒരു ബാല്യകാലസുഹൃത്ത് ഫോണിൽ ഒരു മണിക്കൂറിലധികം നാട്ടുവിശേഷങ്ങൾ പങ്ക് വെച്ചപ്പോൾ, “ഒരു ദേശത്തിന്റെ കഥ രണ്ടാം ഭാഗം” എന്ന പേരിൽ ഒരു പുസ്തകം ഉടനെ ഇറക്കാനും മാത്രം ഓർമ്മകൾ മനസ്സിലേയ്ക്ക് വന്നു. എന്തായാലും, തൽക്കാലം ഈ ചോദ്യം ബൂലോ‍കരുമായി ഒന്ന് പങ്ക് വെയ്ക്കാം എന്ന് തോന്നി.

അപ്പോൾ ചോദ്യം ഇതാണ്. “Which is the Biggest Ship in Indian Navy?"

ഉത്തരം ശരിയ്ക്കറിയാവുന്ന വല്ല നേവൽ സുഹൃത്തുക്കളുമുണ്ടെങ്കിൽ ദയവുചെയ്ത് അവസാനം മാത്രം ഉത്തരം പറയുക, കാരണം, രസകരമായ പല ഉത്തരങ്ങളും വരാനിരിയ്ക്കുന്നതല്ലേ..

ഇന്ന് നാട്ടിലേയ്ക്ക് പോകുന്നു. ക്രിസ്മസ് നാട്ടിലായിരിയ്ക്കും. അത് കഴിഞ്ഞ് കാണാം.

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്‌മസ് - നവവത്സര ആശംസകൾ...