Tuesday, December 23, 2008

ഒരു കുസൃതി ചോദ്യം

ഒന്നര മാസത്തോളമായി തുടരുന്ന ഏകാന്തവാസത്തിന് തിരശ്ശീല വീഴാൻ പോകുന്ന സന്തോഷത്തിൽ, ഇന്നലെ വൈകീട്ട് നാട്ടിൽ പോക്കിന്റെ ചില ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരുന്നപ്പോഴാണ് ഈ ചോദ്യം മനസ്സിലേയ്ക്ക് ഓടിയെത്തിയത്.

പണ്ട് നേവിയിൽ ട്രെയിനിംഗ് സമയത്ത് കേട്ടിട്ടുള്ള ഒരു ചോദ്യമാണ്. ഉത്തരം വളരെ രസകരവും.

അധികം വൈകാതെ തന്നെ, നാട്ടിൽ പി എസ് സി പരീക്ഷയ്ക്ക് തയ്യാറെടുത്ത് കൊണ്ടിരിയ്ക്കുന്ന ഒരു ബ്ലോഗർ സുഹൃത്തിനോട് ഫോണിൽ സംസാരിച്ചപ്പോൾ ഒരു തമാശയ്ക്ക് ഈ ചോദ്യം ചോദിച്ചു.

“Which is the Biggest Ship in Indian Navy?"

ഉത്തരം കേട്ട് ഞാൻ ഒന്ന് ഞെട്ടി. “വിക്ടോറിയ ആണോ?“

ഈശ്വരാ.. വിക്ടോറിയ ടെർമിനസ്, വിക്ടോറിയ രാജ്ഞി എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ‘ഐ എൻ എസ് വിക്ടോറിയ‘ എന്ന ഒരു കപ്പലിനെകുറിച്ച് കേട്ട്കേൾവി പോലും ഇല്ല!!

രാത്രിയിൽ, ചെന്നൈയിലുള്ള ഒരു ബാല്യകാലസുഹൃത്ത് ഫോണിൽ ഒരു മണിക്കൂറിലധികം നാട്ടുവിശേഷങ്ങൾ പങ്ക് വെച്ചപ്പോൾ, “ഒരു ദേശത്തിന്റെ കഥ രണ്ടാം ഭാഗം” എന്ന പേരിൽ ഒരു പുസ്തകം ഉടനെ ഇറക്കാനും മാത്രം ഓർമ്മകൾ മനസ്സിലേയ്ക്ക് വന്നു. എന്തായാലും, തൽക്കാലം ഈ ചോദ്യം ബൂലോ‍കരുമായി ഒന്ന് പങ്ക് വെയ്ക്കാം എന്ന് തോന്നി.

അപ്പോൾ ചോദ്യം ഇതാണ്. “Which is the Biggest Ship in Indian Navy?"

ഉത്തരം ശരിയ്ക്കറിയാവുന്ന വല്ല നേവൽ സുഹൃത്തുക്കളുമുണ്ടെങ്കിൽ ദയവുചെയ്ത് അവസാനം മാത്രം ഉത്തരം പറയുക, കാരണം, രസകരമായ പല ഉത്തരങ്ങളും വരാനിരിയ്ക്കുന്നതല്ലേ..

ഇന്ന് നാട്ടിലേയ്ക്ക് പോകുന്നു. ക്രിസ്മസ് നാട്ടിലായിരിയ്ക്കും. അത് കഴിഞ്ഞ് കാണാം.

എല്ലാവർക്കും എന്റെയും കുടുംബത്തിന്റെയും ക്രിസ്‌മസ് - നവവത്സര ആശംസകൾ...

Wednesday, April 2, 2008

"മാക്രി ഒലര്‍ത്തീത്..”

യു ഏ ഈ' മീറ്റിന്റെ പുകിലുകളൊക്കെ വായിച്ചറിഞ്ഞ്‌,അതിന്റെ ക്ഷീണം തീര്‍ക്കാന്‍ കാപ്പിലാന്റെ കള്ള്ഷാപ്പ്യേ കേറി, മൂത്ത ആനമയക്കി നാലെണ്ണം അടിച്ച്‌ നാലുകാലില്‍ കാപ്പില്‍ പാടവരമ്പിലൂടെ ആടിയാടി വീട്ടിലേയ്ക്ക്‌ മടങ്ങിക്കൊണ്ടിരുന്ന ആ രാത്രി..

'കുറുമാന്‍'ഉം 'ഗീതടീച്ചര്‍'ഉം 'തോന്ന്യാസീ'ം മറ്റും ഷാപ്പ്‌ അടിച്ച്‌ വാരി പോയതായിരുന്നൂന്ന് പറയണ കേട്ടു, എന്നാലും ആനമയക്കീടെ കിക്കിന്‌ യാതൊരു കൊറവും ണ്ടായില്ല്യ..

കാപ്പിലാനെ അതോടെ നമിച്ചു..അങ്ങനെ വരമ്പത്തൊക്കെ എടേലെടേല്‌ 'ഇടി'വാളും 'കൊട്‌'വാളുംവെച്ച്‌, അയ്യപ്പനേം മനസ്സില്‍ വിചാരിച്ച്‌, വേച്ച്‌ വേച്ച്‌ നടന്ന് വരുമ്പോ....പാച്ചൂസും കുഞ്ഞനും, പാമരന്റേം നിരക്ഷരന്റേം പിന്നാലെ പോണ കണ്ടു...

കൊറച്ച് കഴിഞപ്പോ....!

ദാ വരുണൂ ഒരു സാധനം...!!

ഞാന്‍ ഒന്നുകൂടി കണ്ണ്‍ നന്നായി തൊറന്ന് നോക്കി. അടച്ച്‌ പിന്നേം തൊറന്നു..മാഗ്‌ലൈറ്റ്‌ ശരിയ്ക്കും, കെടുത്താണ്ട്‌ അടിച്ച്‌ നോക്കി..

തോട്ടുവരമ്പില്‌ കണ്ണും മിഴിച്ച്‌ എന്നെ തന്നെ നോക്കി ഇരിയ്ക്കുണൂ...

"ഒരു 'പെരിയ' പച്ചത്തവള..!!"

ടോര്‍ച്ച്‌ കെടുത്താതെ തന്നെ പതുക്കെ മുന്നോട്ടാഞ്ഞ്‌ തവളയുടെ കഴുത്തില്‍ പിടി മുറുക്കി..പാടവരമ്പത്തെ 'കൈതമുള്ള്‌' അപ്പോ എന്റെ കഴുത്തിലും ചെറുതായൊന്ന് ഉടക്കി..

ഹെന്റമ്മേ.. ഒരു മുക്കാല്‍ കിലോയ്ക്ക്‌ മേലെ തൂക്കം വരും..! ചാക്കൊന്നും തല്‍ക്കാലം കയ്യിലില്ലാഞ്ഞോണ്ട്‌, ഉടുത്തിരുന്ന ലുങ്കി ഊരി അവനെ അതിന്റെ ഉള്ളില്‍ ‘ഭദ്ര‘മായി കെട്ടി പൊതിഞ്ഞു. (അടീല്‌ തമിഴ്‌ സ്റ്റെയില്‍ 'കള്‍സം' ണ്ടായിരുന്നോണ്ട്‌ വീട്ടിലേയ്ക്കുള്ള ബാക്കി ദൂരം ഒരു വിധം ‘മനോജ്‌ ‘ചെയ്തു.., ച്ഛേ.. മാനേജ് ചെയ്തു). എന്തായാലും 'സണ്‍ ഡേ' സ്പെഷ്യല്‍ അവന്‍ തന്നെ എന്ന് മനസ്സില്‍ അടിവരേട്ട്‌ കുറിച്ചിട്വേം ചെയ്തു..

വീട്ടിലേയ്ക്ക്‌ കേറിയതേ, 'തറവാട്ട്‌'മുറ്റത്തുള്ള ഒരു 'മഷിത്തണ്ട്‌'ഉം പറിച്ച് വലത്തെ കയ്യില്‍ പിടിച്ചും കൊണ്ടായിരുന്നു..

"മോനെ.. അപ്പൂ...." (മോളാണെങ്കിലും 'മോനേ'ന്നാ .., അഥവാ.. 'മേന്നേ'ന്നാ വിളിച്ച്‌ പഴക്കം..!)

അവള്‌ 'വിശാലമായി മനസ്സ്‌' തുറന്ന് ഒറങ്ങ്വായിരുന്നൂന്ന് പിന്നീട്‌ മനസ്സിലായി..

പിറ്റേന്ന് കാലത്ത്‌ ലുങ്കിയില്‍ ബന്ധനസ്ഥനായിരുന്ന മാക്രീ വിലാപം കേട്ടാണ്‌ ഉണര്‍ന്നത്‌ തന്നെ.

രാവിലെ തന്നെ തവള നിഗ്രഹത്തിനുള്ള പൊറപ്പാടാണെന്നറിഞ്ഞതും, പെണ്ണുമ്പിള്ള അടുക്കള പൂട്ടി താക്കോല്‌ കയ്യില്‍ തന്ന്, മോളേം കൂട്ടി അമ്പലദര്‍ശനത്തിനുള്ള 'പുറപ്പാട്‌' തുടങ്ങി..

അടിയന്‍, തൊഴുത്‌ മാറി നിന്നു. ദുര്‍ഗ്ഗാ ദേവീ... ശപിയ്ക്കല്ലേ..."

പുറപ്പാട്‌ പഠിയ്ക്കല്‍ എത്തിയതും, അടിയന്‍ അപേക്ഷിച്ചു...

"ട്യേ... എനിയ്ക്കും കൂടി വേണ്ടതൊക്കെ നീ തന്നെ ചോദിച്ചോ അങ്ങോരോട്‌.."

"പിന്നേ, ഇനിയ്ക്കതല്ലേ പണി..? നിങ്ങളീ കാണിയ്ക്കണേന്റെ ശാപം നിങ്ങളന്നെ അനുഭവിച്ചോ.." സ്നേഹമയിയായ ‘ഫാര്യ‘യുടെ ഉത്തരം വെടിക്കെട്ട്‌ പോലെ വന്നു..

വിളിയില്‍ പരമാവധി പ്രേമം ചേര്‍ത്ത്‌ ഞാന്‍ പെണ്ണുമ്പിള്ളോട്‌ കെഞ്ചി..

"മോളെ.., 'പ്രിയേ'.., പ്രേയസീ.., നീയാ തവളെ ഒന്ന് ശരിയാക്ക്‌.., ദര്‍ശനം കഴിഞ്ഞിട്ട്‌ മതി.."

"ഇനിയ്ക്കതൊന്നും അറിയില്ല്യ.. നിങ്ങളോരോന്ന് ഓരോ ദിവസോം കൊണ്ട്വരും.. പിന്നെ അത്‌ ശര്യാക്കാന്‍, വെറുതേ എന്റെ മെക്കട്ട്‌ കേറണ്ട.." പ്രിയേടെ കമന്റ്‌..!!

നീയാ തെക്കേലെ 'ത്രേസ്യാമ്മേം',, വടക്കേലെ 'അല്‍പോന്‍സേം' കണ്ട്‌ പഠിയ്ക്ക്‌.. എന്തേങ്കിലും വായീ കൊള്ളാവുന്ന പോലെ വെയ്ക്കാന്‍ അവരെ കണ്ട്‌ പഠിയ്ക്കണം..

"നിങ്ങള്‌ കൊറേ വെച്ചും കണ്ടും ഒക്കെ പഠിച്ചതല്ലേ , എന്നാ അവളുമാരോട്‌ പോയി ചോയ്ച്ച്‌, അവര്‌ പറയണപോലെ വെയ്ക്ക്‌.."ഭാര്യ നിമിഷാര്‍ദ്ധത്തില്‍ കൊടുങ്ങല്ലൂരിലെത്തി, ദേവീസ്തുതി തുടങ്ങി....!

എന്റമ്മായിയമ്മേ....എന്നാപിന്നെ രണ്ടിലൊന്ന് അറിഞ്ഞിട്ട്‌ തന്നെ കാര്യം..

ഞാന്‍ തോര്‍ത്ത്‌മുണ്ടും തലേല്‍ കെട്ടി, മ്മടെ 'നളേട്ടനെ' നല്ലോണം മനസ്സില്‍ ധ്യാനിച്ച്‌, വലതുകാല്‍ വെച്ച്‌ 'അഭിഷേകായി' അടുക്കളേ കേറി..

ആദ്യം തന്നെ മാക്രിയ്ക്ക്‌ 'ഹലാല്‍' മോക്ഷം നല്‍കി...

പിന്നെ ഒരര മണിക്കൂര്‍ നേരം പൊരിഞ്ഞ പണ്യായിരുന്നു.

അവസാനം പാത്രത്തില്‍ നല്ല രസികന്‍ തവള ഒലര്‍ത്തീത്‌ റെഡി....

ആര്‍ക്കെങ്കിലും പരീക്ഷിയ്ക്കണെങ്കി...., (തല)വിധി താഴെ പറയും പോലെ. എന്താ... നോക്ക്ണ്ടാ...?

സംഘടിപ്പിയ്ക്കണ്ട സാനങ്ങള്‌.....

തവളെറച്ചി - അര കിലോ

(ഇത്‌ കിട്ടാനും കഴിയ്ക്കാനും പ്രയാസമുള്ളവര്‍ക്ക്‌, ഞണ്ടെറച്ചിയോ, കോഴ്യെറച്ചിയോ,,വെജിറ്ററേനിയന്‍സിന്‌ വേണമെങ്കില്‍ കോഴിമുട്ടയോ പകരമായി ഉപയോഗിയ്ക്കാം. ഞാന്‍ പറയാന്‌ള്ളത്‌ പറഞ്ഞു.. ഇന്യൊക്കെ നിങ്ങടെ ഇഷ്ടം...)

സബോള - രണ്ടെണ്ണം (നല്ല കിരുകിരുപ്പായി കൊത്തിയരിഞ്ഞത്‌)

തക്കാളി - ഒരൊന്നൊന്നര എണ്ണം

ഇഞ്ചി -ഒരിഞ്ച്‌ നീളത്തില്‍ (സ്കെയില്‍ വെച്ച്‌ അളക്കണം, അത്‌ ചെയ്തില്ലെങ്കി സംഭവം കൊളമാകും, പറഞ്ഞേക്കാം..)

പച്ച മുളക്‌ -രണ്ട്‌ (നെടുകെയും കുറുകെയും പിളര്‍ന്നത്‌.)

വെളുത്തുള്ളി -ഒരല്ലിയാമ്പല്‍

മുളക്‌ പൊടി -ഒരു കുഞ്ഞിപ്പിടി

മഞ്ഞള്‍ പൊടി - മഞ്ഞക്കളര്‍ ആവശ്യമുള്ളത്രയും

മല്ലി പൊടി -ഒരര പിടി

ഉപ്പ്‌ -വേണെങ്കി മാത്രം..

കടുക്‌ -കൊറച്ച്‌

ഉലുവ വറുത്ത്‌ പൊടിച്ചത്‌ -അതും കൊറച്ച്‌

വെളിച്ചെണ്ണ - തീരെ കൊറച്ച്‌ ( കൊളുപ്പ്... കൊളുപ്പ്...)

കൊടമ്പുളി - രണ്ടല്ലിയാമ്പല്

‍തേങ്ങപ്പാല്‍ - ഒരു പ്ലാസ്റ്റിക്‌ കപ്പ്‌ മുയോന്‍ (ഒരൊന്നര പെഗ്‌ കൊള്ളണ ടൈപ്‌)

ലെവനെ ലെവലാക്കുന്ന വഴി..

ഒരു പെഗ്‌ വെള്ളത്തില്‍ കൊടമ്പുളീട്ട്‌ അഞ്ച്‌ മിനിറ്റ്‌ നേരം അതിനെ വെറുതെ ബോറടിയ്ക്കാന്‍ വിടുക..

ചൂടായ ചീഞ്ചട്ടീല്‌ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌ പൊട്ടിയ്ക്ക്യ. ..അതില്യ്ക്ക്‌ പൊട്യായി അരിഞ്ഞ സബോള ചേര്‍ത്ത്‌ വഴറ്റുക. ഒന്നു വാടുമ്പോ, അരിഞ്ഞ്‌ വെച്ച ഇഞ്ചീം വെളുത്തുള്ളീം പച്ചമൊളകും, കറിവേപ്പിലേം ചേര്‍ത്ത്‌ കൊഴയ്ക്ക്യ...

പിന്നെ, മൊളക്‌ പൊടി, മല്ലിപ്പൊടി, മഞ്ഞപ്പൊടി ഒക്കെ ചേര്‍ത്ത്‌ ഒരര മിനിട്ട്‌ എളക്കി അതില്‌ ചെറുതായി അരിഞ്ഞ തക്കാളി ചേര്‍ത്ത്‌ വേവിയ്ക്ക്യാ...ന്നട്ട്‌..

ഇതില്യ്ക്ക്‌, വെള്ളത്തിലിട്ട്‌ വെച്ച കൊടമ്പുളി(വെള്ളത്തോടെ) ചേര്‍ത്ത്, എറച്ചീം ഉപ്പും ചേര്‍ത്ത്‌ നന്നായി എളയ്ക്കി അഞ്ച്‌ മിനിറ്റ്‌ അടച്ചിട്ട്‌ വേവിയ്ക്ക്യ....അടപ്പ്‌ തൊറന്ന്, വെള്ളം ഒരു വിധങ്ങ്‌ട്‌ വറ്റുമ്പോ, നാള്യേരപ്പാലും ഉലുവപ്പൊടീം ചേര്‍ത്ത്‌ നന്നായി എളയ്ക്കി ഒന്നു ചൂടാവുമ്പോ വാങ്ങിവെച്ച്‌ ചൂടോട്യോ.. തണുത്തേന്‌ ശേഷോ ഉപയോഗിയ്ക്ക്യ..(നന്നായ്യെങ്കി കഴിയ്ക്ക്വാ, അല്ലെങ്കി കാട്ട്യേ കളയ്‌വാ..)

ന്താ ശര്യായോ..???

Thursday, March 27, 2008

“ ഒരു റഷ്യന്‍ വീര്യ കഥ”

കഥാനായകന്‍ കപ്പലിലായിരുന്നു.. കപ്പല്‌ന്ന് വെച്ചാ.., മ്മ്‌ണി ബല്ല്യേ കപ്പല്‌..പടക്കപ്പല്‌..!

പണ്ട്‌ ഡച്ച്‌കാരും അമേരിയ്ക്കാക്കാരും.., പിന്നെ മ്മടെ ശിവാജീ മഹാരാജാവും ഒക്കെ മേച്ച്‌ നടന്നിരുന്നൂന്ന് പറഞ്ഞ്‌ കേട്ടത്‌ പോലത്തെ ഒലയ്ക്ക സാനങ്ങളല്ല..! നല്ല പെട സാനങ്ങള്‌..

ഇബടെ പൊട്ടിച്ചാ അയലോക്കാര്‌ കൂടാണ്ട്‌ അയിന്റപ്രത്തുള്ളോര്‌ വരെ ഞെട്ടണ സൈസ്‌ പടക്കങ്ങളും കൊണ്ട്‌ നടക്കണ സാനം..

ലെനിനേം, ഗര്‍ഭഷേവിനേം പെറ്റ, അതേ വയിറ്റീന്ന് പെറന്ന, അവര്‌ടെ കൂടപ്പെറപ്പ്‌കള്‌..!

അമ്മാതിരി സാധനങ്ങളൊക്കെ, ഒരിയ്ക്കലെങ്കിലും ഒന്ന് കാണണ്ട കാഴ്ച്യന്ന്യാ.. അടക്കി ഒതുക്കി വെയ്ക്കാന്‍ അവരെ കഴിഞ്ഞേ ആരും .!

ഒരിഞ്ച്‌ സ്ഥലം പോലും വെറുതെ കളയാണ്ട്‌ ഓരോന്ന് വെട്‌പ്പായി കുത്തി നെറച്ച്‌ വെച്ചിരിയ്ക്കണ കാണുമ്പോ അസൂയ്യാവും.

മ്മള്‌ ഒറങ്ങുമ്പോ കെടക്കണ പോസ്‌ കൂടി നോക്കീട്ടാ കട്ടില്‌ (അതിനെ അങ്ങനെ വിളിയ്ക്കാമോന്ന് അയാള്‍ക്കിപ്പോഴും നല്ല സംശ്യം..!)വരെ മെനച്ച്‌ വെച്ചിരിയ്ക്കണത്‌..!


ഒറങ്ങാന്‍ നേരത്ത്‌ അവനോന്റെ 'ബങ്ക്‌'ല്‌ ചുരുണ്ടൂടാന്‍ വരുമ്പോ, അവടേണ്ടാവും ഏതെങ്കിലും ശവങ്ങള്‌,..ആരേം കുറ്റം പറഞ്ഞട്ട്‌ ഒരു കാര്യോല്ല്യ.. മുന്നൂറ്‌ പേര്‍ക്ക്‌ കെടന്നൊറങ്ങാന്‍ നൂറ്റിയമ്പതിന്റെ അടുത്ത്‌ മാത്രം വരുന്ന അമ്മാതിരി 'ബങ്ക്‌'(കട്ടിലു) കളേ അവടേള്ളൂ.. വേണങ്കി മതി. എന്നാലും, എല്ലാവരും ഒരേസമയം ഉറങ്ങാറില്ലാത്തോണ്ട്‌ ഒരുവിധം അഡ്ജസ്റ്റ്‌ ചെയ്തങ്ങനെ പോകും.. കെടപ്പി പിഴപ്പല്ലേ..!

കുളി, അതാണ്‌ ഏറ്റവും രസള്ളത്‌. ഒരു നാലേ മൂന്ന് വലിപ്പത്തിലുള്ള ബാത്‌ റൂം.. അതിന്റെടേലും, എടഞ്ഞാ, തലേലും ശരീരത്തിലും നാഴി എണ്ണ ഒഴിയ്ക്കാന്‍ പറ്റ്യേ പരുവത്തിലുള്ള കുഴികള്‍ ഉണ്ടാക്കാന്‍ കെല്‍പ്പുള്ള തരം വാല്‍ വുകളും ട്രങ്കിങ്ങുകളും..! പിന്നെ 'പുതുജലം' (ഫ്രെഷ്‌ വാട്ടര്‍) പത്ത്‌ മിനിറ്റ്‌ മാത്രമല്ലേ ബാത്‌ റൂമുകളില്‍ ഉണ്ടാവുക.. ഇരുനൂറോളം പേര്‍ക്ക്‌ ഒരേസമയം കുളിയ്ക്കാന്‍ ഇത്തരം അഞ്ചാറ്‌ കുളിമുറികള്‍..! അപ്പോപിന്നെ കുളി രസാവാണ്ട്‌ എങ്ങനെ പോവാനാ..?പലരും സോപ്പൊന്നും കാശ്‌ കൊടുത്ത്‌ വാങ്ങാറില്ല, സോപ്പ്‌ തേച്ച്‌ നിക്കണ മറ്റുള്ളവരടെ എടേല്യ്ക്ക്‌ ഒന്ന് തള്ളിക്കേറാന്‍ ശ്രമിച്ചാ മാത്രം മതി..,സംഗതി ക്ലീന്‍..!

അങ്ങനെ കഷ്ടപെട്ട്‌, ബുദ്ധിമുട്ടി കാര്യൊങ്ങളൊക്കെ ഒരുവിധം നയിച്ചോണ്ട്‌ പോവുമ്പോഴാ ആ 'പെഷല്‍ പ്രോഗ്രാം' വരണെ..!നമ്മടെ തലതൊട്ടപ്പന്റെ മുത്തപ്പന്‌ കപ്പലൊന്ന് കാണണമത്രെ..! വെറുതെ കണ്ടാ പോരാ.., 'വിസിറ്റ'ണമെന്ന്..

പണ്ട്‌ കുടിച്ച മുലപ്പാലില്‍ ബാക്കിയുള്ളതില്‍ കുറച്ച്‌ ചിലവഴിച്ച്‌, കഥാനായകന്‍, പരിവാരസമേധം പണിയാനിറങ്ങി... പരിവാരങ്ങള്‍ക്ക്‌ കഴിവനുസരിച്ചുള്ള പണിയും കൊടുത്ത്‌, സ്വയം പണികളും കഴിച്ച്‌ സന്തോഷവാനായി വാണരുളി.

അങ്ങനെ, അവസാനം ആ ശുഭദിനം വന്നെത്തി.. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ തന്നെ കുയില്‍ നാദം കാതില്‍ വന്നലച്ച്‌ ഉറക്കം കെടുത്തി.. കപ്പലില്‍ കുയിലോ എന്നോര്‍ത്ത്‌ ഞെട്ടണ്ട.. 'ക്വാട്ടര്‍ മാസ്റ്റര്‍' എന്ന ചെല്ലപ്പേരിലറിയപ്പെടുന്ന കുയിലുകളെ, സമയോം കാലോം നോക്കാതെ, കുഴലൂതി നാദം കേള്‍പ്പിയ്ക്കാന്‍ പരിശീലിപ്പിയ്ക്കാന്‍ പ്രത്യേകം പരിശീലകരുണ്ട്‌.. അസ്സല്‍ കുയില്‍ പോലും നാണിച്ച്‌, പേടിച്ച്‌ പോകും..

എന്നാലും, അതേത്‌ മുഹൂര്‍ത്തത്തിലും ഉണ്ടാകാന്‍ സാധ്യതയുണ്ട്‌ എന്ന സ്ഥിരപരിചയം വെച്ച്‌ ഉറങ്ങാതെ കിടന്ന കാരണം, നേരത്തിന്‌ തന്നെ, കുളിയടക്കമുള്ള എല്ലാം പത്ത്‌ മിനിറ്റില്‍ കുറഞ്ഞ നേരത്തില്‍ അവസാനിപ്പിച്ച്‌ ആരുടെയും കണ്ണില്‍ പെടാതെ, സമയത്തിന്‌ മുമ്പ്‌ തന്നെ സ്വന്തം 'ആക്ഷന്‍ സ്റ്റേഷനി'ലേയ്ക്ക്‌ വലിഞ്ഞ്‌ കയറി..

വളരെ അഡ്വാന്‍സ്ഡ്‌ ആയ ആ റഷ്യന്‍ ഉപകരണം പ്രവര്‍ത്തിപ്പിയ്ക്കുവാന്‍ പരിചയമുള്ളവര്‍ നായകന്‌ മുന്‍പേ സ്റ്റേഷനില്‍ ഹാജരായിട്ടുണ്ടായിരുന്നു, എന്നത്തേയും പോലെ..,

പാവങ്ങള്‍.., തലേന്ന് രാത്രിമുതല്‍ ഊണും ഉറക്കവും അവിടെ തന്നെയായിരുന്നിരിയ്ക്കും.. വിഡ്ഡ്യാസുരന്മാരായ മേലാളരുടെ കണ്ണുരുട്ടലും തെറിപറച്ചിലും കേള്‍ക്കണ്ടല്ലോ എന്ന് കരുതിയെടുത്ത സ്വയം തീരുമാനമൊന്നുമാവില്ല., ഇടയിലുള്ള എലനക്കിപട്ടിയുടെ ചിറിനക്കിപട്ടി, നാല്‌ ദിവസമെങ്കിലും മുമ്പേ കൊരച്ച്‌ ഛര്‍ദ്ദിച്ച്‌ കൊടുത്തതായിരിയ്ക്കും..,

അവരേം പറഞ്ഞിട്ട്‌ കാര്യല്ല്യ.. അല്ലെങ്കില്‍, മൂത്തപട്ടി ഛര്‍ദ്ദിയ്ക്കുന്നത്‌ ആ പട്ടിയ്ക്ക്‌ ആഹാരമാക്കേണ്ടി വരും.. പണ്ട്‌ പഠിച്ച ന്യൂക്ലിയര്‍ തിയറിയില്‍ 'ചെയിന്‍ റിയാക്ഷന്‍' എന്ന് പറഞ്ഞത്‌ ഇതിനെയായിരുന്നോ.. എന്റെ സാറന്മാരേ..?!

കാലത്ത്‌ തന്നെ കപ്പല്‍ അതിന്റെ യാത്ര തുടങ്ങി.. യാത്രാന്ന് പറഞ്ഞാല്‍, ഒരൊന്നര യാത്ര.. ഒരു മുപ്പത്‌ മുപ്പത്തിരണ്ട്‌ നോട്ടിയ്ക്കല്‍ മൈല്‍ സ്പീഡ്‌ .., ആ സ്പീഡിലും പൊരിഞ്ഞ ആട്ടം തന്നെ.. ഭരത നാട്യം.., മോഹിനിയാട്ടം.., കഥകളി തുടങ്ങി... ചവിട്ടുനാടകം വരെ..

പറഞ്ഞട്ട്‌ കാര്യല്ല്യ.. നല്ല തുലാമാസം..കാറ്റും കോളും ഇടീം വെട്ടും എല്ലാം മൊറയ്ക്ക്‌ നടക്ക്ണ്ട്‌..!

കൂട്ടത്തില്‍ അകമ്പടിയായി ഒരു മുങ്ങിക്കപ്പലുമുണ്ട്‌. ആ രാക്ഷസിയെ കണ്ട്‌ പിടിയ്ക്കലാണ്‌ നായകന്റേയും കൂട്ടരുടേയും ജോലി !. അതിനായി അവര്‍ കിണഞ്ഞ്‌ പരിശ്രമിച്ചോണ്ടിരുന്നു..

പടത്തില്‌ കണ്ട ഓരോരോ കട്ടകളും കല്ലുകളും രാക്ഷസിയാണെന്ന ധാരണയില്‍ റിപ്പോര്‍ട്ടുകള്‍ ഒഴുകിക്കൊണ്ടിരുന്നു. രാക്ഷസിയെ കണ്ട്‌ പിടിച്ചേ അടങ്ങൂ എന്ന മട്ടില്‍, കപ്പല്‍ ഇടതും വലതും മാറി മാറി വെട്ടി ത്തിരിഞ്ഞ്‌, ഞെരിഞ്ഞമര്‍ന്ന്, ഓതിരം വെട്ടി, അവസാനം 'വെള്ള'ക്കടകന്‍ പുറത്തെടുത്തു..

'ദേ.. കണ്ട്‌ പിടിച്ചേ.., രാക്ഷസിയെ കണ്ട്‌ പിടിച്ചേ...' ഡോല്‍ഫിന്‍, ബിയറിംഗ്‌ റെഡ്‌ സിക്സ്‌ സീറോ..,റേഞ്ച്‌ ടുവല്‍ വ്‌ നോട്സ്‌..!

ഓക്കേ.., കീപ്‌ ട്രാക്കിംഗ്‌...

റോ..ജര്‍ ..

സന്ദേശങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ഒഴുകി..ഈ ബഹളത്തിനിടയില്‍ മുത്തപ്പന്‍ കപ്പലില്‍ എലികോപ്റ്റര്‍ മാര്‍ഗ്ഗം ലാന്റ്‌ ചെയ്ത്‌, പതിവ്‌ ഉപചാരങ്ങളൊക്കെ കഴിഞ്ഞ്‌, നായകന്റെ ആക്ഷന്‍ സ്റ്റേഷനില്‍ പതുക്കെ എഴുന്നള്ളിയെത്തി. അവട്യാണെങ്കി പൊരിഞ്ഞ ബഹളം നടക്ക്വല്ലേ..!

സംഭവങ്ങളുടെ ഏകദേശരൂപം മുത്തപ്പന്‌ എക്സ്‌പ്ലെയിന്‍ ചെയ്ത്‌ കൊടുക്കാന്‍ നായകന്റെ ആപ്പീസര്‍ തയ്യാറായി നില്‍ക്കുകയായിരുന്നു..

"സര്‍, വി ആര്‍ ട്രാക്കിംഗ്‌ ദ സബ്‌മരീന്‍ വിച്‌ ഇസ്‌ നൗ റ്റ്വല്‍ നോട്സ്‌ എവേ.."

"ഓക്കേ.." തീരെ കനം കുറയ്ക്കാതെ മുത്തപ്പന്‍ അരുളി..

"ഗീവ്‌ എഫ്‌ സീ ഐ.." മോളീന്ന്ള്ള ഓര്‍ഡര്‍..

"റോജര്‍.." ഓപ്പറേറ്റര്‍മാര്‍ ഉടനെ എഫ്‌ സീ ഐ ബട്ടണുകള്‍ അമര്‍ത്തി.. ഠക്‌..ഠക്‌..(എന്താ ഒച്ച..! പേടിയ്ക്കണ്ട, രണ്ട്‌ സ്വിച്ചുകള്‍ ഓണാക്കിയതാ..റഷ്യന്‍ അല്ലേ..)

"എന്തായിത്‌..?!" മുത്തപ്പന്‍..( പാവം, അദ്ദേഹം ആദ്യമായിട്ടാ ഒരു റഷ്യന്‍ കപ്പലില്‍ കാല്‌ കുത്തുന്നത്‌..)

"സര്‍, വീ ആര്‍ ഫീഡിംഗ്‌ ദ ടാര്‍ഗറ്റ്‌ ഡീറ്റയില്‍സ്‌ ടു കമ്പ്യൂട്ടര്‍.." ആപ്പീസര്‍ വിനയപൂര്‍വം മൊഴിഞ്ഞു..

"ഓഹോ..? വേറീസ്‌ ഇറ്റ്‌, ദ കമ്പ്യൂട്ടര്‍..?"

"പ്ലീസ്‌ കം സര്‍.." ആപ്പീസര്‍ മുത്തപ്പനെയും പരിവാരങ്ങളെയും കൂട്ടി കമ്പ്യൂട്ടര്‍ റൂമിലേയ്ക്ക്‌ യാത്രയായി.., കൂടെ നായകനും.

രണ്ട്‌ മൂന്ന്, പല തരത്തിലും വലിപ്പത്തിലുമുള്ള കോണിപ്പടികള്‍ കയറിയിറങ്ങി, എല്ലാവരും കമ്പ്യൂട്ടര്‍ റൂമില്‍ ഇടിച്ച്‌ കയറി..

ഒരു ആറ്‌ ആറര അടി ഉയരവും അതിന്‌ തക്ക വണ്ണവുമുള്ള അഞ്ചെട്ട്‌ വലിയ വലിയ പെട്ടികള്‍. അതില്‍ പലതിനും ചില ദ്വാരങ്ങള്‍.. ചിലരെല്ലാം ചില ദ്വാരങ്ങളില്‍ സൈക്കിള്‍ പെഡല്‍ പോലത്തെ ചില വടികള്‍ ഇട്ട്‌ തിരിയ്ക്കുന്നു.. അതിനനുസരിച്ച്‌, പെട്ടികളിലുള്ള ചില ഡയലുകള്‍ ഇടത്തോട്ടും വലത്തോട്ടും തിരിയുന്നുമുണ്ട്‌.. മൊത്തത്തില്‍ നെല്ല്കുത്ത്‌ മില്ലില്‍ നില്‍ക്കുന്ന ഒരു പ്രതീതി..!

മുത്തപ്പന്‍ രംഗം മൊത്തമായും ചില്ലറയായും ഒന്ന് നല്ലോണം വിശകലനം ചെയ്തു. എല്ലാം ഓക്കേ.. ന്നാലും, ഇപ്പറഞ്ഞ കമ്പ്യൂട്ടര്‍ മാത്രം അവട്യെങ്ങും മരുന്നിന്‌ പോലും കാണാനില്ല..! അവസാനം ക്ഷമകെട്ട്‌ മുത്തപ്പന്‍ ഗര്‍ജ്ജിച്ചു..

"ബട്‌, വേര്‍ ഈസ്‌ ദ കമ്പ്യൂട്ടര്‍.."

"സര്‍, യൂ ആര്‍ സ്റ്റാന്‍ഡിംഗ്‌ ഇന്‍ ഫ്രണ്ട്‌ ഓഫ്‌ ദാറ്റ്‌.." വളരെയധികം വിനയത്തോടെ ആപ്പീസര്‍ ചൊല്ലിക്കൊടുത്തു.

ഇനിയും ഒന്നുകൂടി ചമ്മാനുള്ള തൊലിക്കട്ടി ലേശം കുറവായിരുന്ന ആ മുത്തപ്പന്‍ 'വിസിറ്റ്‌' അതോടെ മതിയാക്കി, കിട്ടാവുന്ന സ്പീഡില്‍ തിരിച്ച്‌ പോയെന്ന്, ഉച്ചഭക്ഷണത്തിനുള്ള തന്റെ ഊഴവും കാത്ത്‌ ക്യൂവില്‍ നില്‍ക്കുമ്പോള്‍ ആരോ പറയുന്നത്‌ കഥാനായകന്‍ കേട്ടു.



വാല്‍.: റഷ്യക്കാര്‍ മിലിട്ടറിയില്‍ ഡിജിറ്റല്‍ തന്ത്രങ്ങള്‍ അധികം ഉപയോഗിയ്ക്കാറില്ല. മാത്രവുമല്ല, ഇതൊരു സ്പെഷല്‍ പര്‍പ്പസ്‌ കമ്പ്യൂട്ടര്‍ ആയിരുന്നു. ഫയര്‍ കണ്ട്രോളിന്‌ ഉപയോഗിയ്ക്കുന്ന അനലോഗ്‌ കമ്പ്യൂട്ടര്‍. സാധാരണ കമ്പ്യൂട്ടറിലെ പോലെ മൈക്രോപ്രോസസ്സറൊന്നും അതില്‍ കാണില്ല.., മറിച്ച്‌, ഒരുപാട്‌ റോട്ടറി ട്രാന്‍സ്ഫോര്‍മര്‍, സൈന്‍ കൊസൈന്‍ റോട്ടറി ട്രാന്‍സ്ഫോര്‍മര്‍, റിഡക്ഷന്‍ ഗിയറുകള്‍ എന്നിവയൊക്കെയാണ്‌ അതിന്റെ ഉള്ളില്‍.. അതുകൊണ്ടാണ്‌ ആ കോലിട്ടുള്ള തിരിയ്ക്കല്‍..! പിടി കിട്ട്യാ..?

FCI - Fire Control Instructions
1 nautical mile = 2 kmph (approx)

Monday, March 3, 2008

“ഏറ്റോം സുഖള്ള കാര്യം...”

പതിവു പോലെ ശങ്കുമാഷ്‌ അന്നും സ്കൂളില്‍ എത്തി.


"ഇന്നിനി എന്തൊക്കെ പുകിലാ ഉണ്ടാകുന്നത്‌.. ന്റെ ഗുരുവായൂരപ്പാ..."


എന്നും സ്കൂളില്‍ എത്തിയാല്‍ ഗുരുവായൂരപ്പനെ നല്ലോണം മനസ്സില്‍ ഉള്ളുരുകി വിളിച്ചിട്ടാ തുടക്കം. എന്നിരുന്നാലും ഓരോ വിധത്തിലാ ഓരോ ദിവസവും കൊണ്ടുപോകുന്നെ.


'എങ്ങനേങ്കിലും ഒന്ന് പെന്‍ഷനായി പിരിഞ്ഞാ മത്യാര്‍ന്നു..'സാക്ഷാല്‍ ഗുരുവായൂരപ്പന്‍ പോലും വിചാരിച്ചാല്‍ പറ്റില്ല്യ.. പിന്ന്യാ ഈ ഞാന്‍..ഈ പിള്ളാരെ മേയ്ക്കണതേ..


ഇത്രേം തല തെറിച്ച പിള്ളാരെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല., ഹെന്റമ്മോ..


വീടിനടുത്തുള്ള ഈ സ്കൂളിലേയ്ക്ക്‌ സ്ഥലം മാറ്റത്തിന്‌ അപേക്ഷിയ്ക്കുമ്പോഴേ കൂടെയുള്ളവര്‍ ചോദിച്ചതാ.., 'മാഷേ.., വേണോ..?'


കൊറച്ചൊക്കെ ഇവിടുത്തെ വിശേഷങ്ങള്‍ കേട്ടിരുന്നു എങ്കിലും അതൊക്കെ ആളോള്‌ വെറുതെ പൊടിപ്പും തൊങ്ങലും വെച്ച്‌ പറയണതായിരിയ്ക്കും എന്നേ അന്നൊക്കെ തോന്നിയുള്ളു.. എന്തൊക്കെയായാലും പെന്‍ഷനാവുന്ന സമയത്ത്‌ വീടിനടുത്ത്‌ ജോലിയുള്ളത്‌ നല്ലതല്ലേ..


ഇനീപ്പോ പറഞ്ഞട്ടെന്താ കാര്യം..? പോയ ബുദ്ധി ആന പിടിച്ചാ കിട്ട്വോ..?ഒരഞ്ചാറ്‌ നാഴിക ചുറ്റുവട്ടത്തില്‍ ഉള്ള ഒരേയൊരു ഹൈസ്കൂള്‍. ബോധപൂര്‍വം ആനന്ദിച്ചു നടന്നിരുന്ന ഒരു സ്വാമിജിയുടെ പേരിലുള്ളത്‌..


പത്താം ക്ലാസ്‌ പരീക്ഷയ്ക്ക്‌ നൂറുമേനി 'പരാജയം' തുടര്‍ച്ചയായി കൊയ്തുകൊണ്ടിരിയ്ക്കുന്നുവെന്ന അസുലഭ നേട്ടം കൈവരിച്ച ചുരുക്കം ചിലപള്ളിക്കൂടങ്ങളിലൊന്ന്..


'തല തെറിച്ച പിള്ളേര്‍. തല നരച്ച മാഷമ്മാരും..ഞാനടക്കം..


''എസ്‌ എസ്‌ എല്‍ സീ ഫെയില്‍ഡ്‌' എന്ന മുന്തിയ ഡിഗ്രി അന്തസ്സിന്റെ അടയാളമായി നിലനിന്നിരുന്ന കാലം..സ്കൂളില്‍ വന്നിരുന്ന തല തെറിച്ചവന്മാരുടെ ഒരേയൊരാഗ്രഹം എങ്ങനെയെങ്കിലും 'ആ ഒരു ഡിഗ്രി' സമ്പാദിയ്ക്കുക എന്നത്‌ മാത്രമായിരുന്നു. തെറ്റ്‌ പറയരുതല്ലോ, അതിനുവേണ്ടി അവര്‍ കിണഞ്ഞ്‌ 'പരിശ്രമിച്ച്‌' പോന്നിരുന്നു താനും.


പിന്നെ ഒരു കാര്യത്തില്‍ മാത്രം പിള്ളാര്‌ 'ക്ലാസ്സില്‍' ഡീസന്റായിരുന്നു. കെട്ടുപ്രായം കഴിഞ്ഞ്‌ നില്‍ക്കുന്നവരാണെങ്കിലും 'പെണ്‍ വിഷയ'ത്തില്‍ മാത്രം ആണ്‍പിള്ളേര്‍ക്ക്‌ യാതൊരു ഇന്ററെസ്റ്റും ഇല്ലായിരുന്നു. അതിന്‌ അവരെ കുറ്റം പറഞ്ഞിട്ട്‌ എന്താ കാര്യം. ക്ലാസ്സില്‍ മരുന്നിനെങ്കിലും ഒരെണ്ണം ഉണ്ടായിട്ട്‌ വേണ്ടേ..?


ആദ്യ പിര്യേഡ്‌ തന്നെ പത്താം ക്ലാസ്സുകാര്‍ക്കാ.. കറക്ട്‌ നേരത്തിനൊന്നും പോയിട്ട്‌ ഒരു കാര്യോം ല്ല്യ. ആ തല തെറിച്ചോന്മാര്‌, യൂപീ സ്കൂളിന്റെ മുമ്പില്‍ തിണ്ണ നെരങ്ങ്വായിരിയ്ക്കും..


ഹെഡ്‌ മാഷുടെ ലാത്തിചാര്‍ജ്‌ കഴിഞ്ഞിട്ടും, കുറച്ച്‌ നേരം കഴിഞ്ഞാണ്‌ ഒരോരുത്തരുടെ എഴുന്നള്ളത്ത്‌!...


ഇനി ഹാജര്‍ വിളിച്ച്‌ ബുദ്ധിമുട്ടണ്ട.. ഓരോരുത്തരായി വരുന്ന മുറയ്ക്ക്‌ ഹാജര്‍ രേഖപ്പെടുത്തി.. ഇരുപത്‌ മിനിട്ട്‌ അങ്ങനെ പോയികിട്ടി.. ആശ്വാസം..


എങ്ങനെ തുടങ്ങും.. എന്ത്‌ തുടങ്ങും..? വിഷയം മലയാളമാണ്‌.


ആലോചിച്ച്‌ നില്‍ക്കുന്നതിനിടയില്‍ പതിനഞ്ച്‌ പേരുടെയും ഒച്ച ഒരുമിച്ച്‌ വന്ന് കാതടച്ചു. അധികവും കേട്ടത്‌ 'അവളെന്ന്യാ നോക്ക്യേ... അല്ല, എന്ന്യാ..' എന്ന പതിവു വാഗ്വാദങ്ങളായിരുന്നു..ശവങ്ങള്‌..!


ഓട്ട വീണ പനമ്പിനിടയിലൂടെ ഹെഡ്‌മാഷുടെ കഷണ്ടിത്തല ഭാഗീരധിടീച്ചറുടെ ക്ലാസ്സിനടുത്ത്‌ കണ്ടപ്പോഴാണ്‌ പരിസരബോധം ഉണ്ടായത്‌..ഇനി ഇങ്ങോട്ടാവും ഉണ്ടക്കണ്ണന്റെ അടുത്ത വരവ്‌.. അതിനു മുമ്പ്‌ ഈ മുടിഞ്ഞവന്മാരെ ഒന്ന് ഒതുക്കണം..


വിഷയം ആശാന്റെ 'കരുണ..' പിള്ളാര്‍ക്ക്‌ കൊറച്ചെങ്കിലും താല്‍പര്യം ഉണ്ടാകാതിരിയ്ക്കാനിടയില്ല..!


മാഷ്‌ തടിച്ച ചൂരലെടുത്ത്‌ മേശമേലടിച്ച്‌ പിള്ളാരുടെ ശ്രദ്ധ തന്നിലേയ്ക്കാകര്‍ഷിയ്ക്കാന്‍ ശ്രമിച്ചു.. ഒപ്പം ഇന്നലെ ചൊല്ലിക്കൊടുത്ത വരികള്‍ ഒന്നുകൂടി റിവൈസ്‌ ചെയ്യാനുള്ള തയ്യാറെടുപ്പിനായി കണ്ഠശുദ്ധി വരുത്തി..


എവടെ.. ഒരാള്‌ പോലും തല തിരിച്ച്‌ നോക്കണ്ടെ...? തല തിരിഞ്ഞവന്മാര്‌..!ഇനീപ്പെന്താ ചെയ്യ്യാ..ഗുരുവായൂരപ്പാ..


ഉടനെതന്നെ തലയില്‍ ഒരു അമിട്ട്‌ പൊട്ടി.. 'ഡും.......'(ഭഗവാന്‍ തോന്നിച്ചതാവും..!)


എന്നാ പിന്നെ ഇന്നതന്ന്യാവട്ടെ..


'കുട്ടികളെ.. ഇന്നു പഠനം ഇല്ല.. ഞാന്‍ ഒരു ചെറിയ തമാശ പറയാം..' മാഷുടെ സ്വല്‍പം കൊഞ്ഞപ്പുള്ള ശബ്ദം പുറത്ത്‌ വന്നു..


'ഇനി അങ്ങനെ തന്ന്യല്ലേ പൊറത്ത്‌ വന്നത്‌..? ആവോ.. ഉദ്ധേശിച്ചത്‌ അതു തന്ന്യാ..'


പഠനം ഇല്ല എന്ന് കേട്ടതും പയ്യന്മാരുടെ മുഖത്തെല്ലാം ഒരു വെളിച്ചം.. കരമീശയില്‍ ഒന്നമര്‍ത്തി തടവി എല്ല്ലാവരും ശങ്കുമാഷെ സാകൂതം നോക്കി..


'തമാശ ഇല്ലെങ്കിലും വേണ്ട.. ഈ കെളവന്റെ വധം സഹിയ്ക്കേണ്ടല്ലോ..' പിള്ളാര്‍ക്കെല്ലാം നല്ല ഇന്ററെസ്റ്റ്‌..


ക്ലാസ്‌ പെട്ടെന്നു തന്നെ നിശ്ശബ്ദമായി..'ഗുരുവായൂരപ്പാ.. ന്റെ വിളി കേട്ടു..' മാഷ്‌ മനസ്സില്‍ ഭഗവാനോട്‌ നന്ദി പറഞ്ഞു.. ഉണ്ടക്കണ്ണന്‍ തിരിച്ച്‌ പോകുന്നത്‌ പനമ്പിനിടയിലൂടെ ഒളികണ്ണാല്‍ കണ്ടു..


'ഒരു ശല്യം ഒഴിഞ്ഞു..' മാഷ്‌ മനസ്സില്‍ കരുതി.. ഇനിയും പതിനഞ്ചെണ്ണം ബാക്കി..!


'ഞാന്‍ ഒരു ചെറിയ ചോദ്യം ചോദിയ്ക്കാം.. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്നായി അറിയുന്നത്‌ തന്നെ.. അതിന്റെ ഉത്തരം പറഞ്ഞ്‌ കഴിഞ്ഞ്‌ തമാശ..'


മാഷ്‌ പരമാവുധി കൊഞ്ഞപ്പില്ലാതെ പറഞ്ഞു..എല്ലാവരും ചോദ്യം കേള്‍ക്കാന്‍ അക്ഷമരായി ഇരിയ്ക്കുന്നതു കണ്ട മാഷുടെ മനം കുളിര്‍ത്തു..


വൈകാതെ തന്നെ ചോദ്യം വന്നു...


"ജീവിതത്തില്‌, ഏറ്റവും സുഖള്ള കാര്യെന്താ.., ചെയ്യാന്‍..?"

ചെറിയ കൊഞ്ഞപ്പോടെ തന്നെ, മാഷ്‌ ചോദ്യം അവതരിപ്പിച്ചു..


ആശ്വാസം.. 'ഇനിയെല്ലാം അവരായിക്കോളും..'


പിന്നെ കുറച്ച്‌ നേരത്തേയ്ക്ക്‌ ക്ലാസ്സില്‍ പിന്‍ഡ്രോപ്‌ സയ്‌ലെന്‍സ്‌..


ബുദ്ധിജീവികള്‍ പതിനഞ്ചും ഒറ്റക്കായിരുന്നു ചിന്ത.., തുടക്കത്തില്‍..


ഇത്രയും നിസ്സാരമായ ഒരു ചോദ്യത്തിന്‌ ശരിയുത്തരം പറഞ്ഞ്‌ ക്ലാസ്സില്‍ ഷൈന്‍ ചെയ്യണമെന്ന് എല്ലാവരും ആഗ്രഹിച്ചിരുന്നുവോ ആവോ..


ചിന്തകള്‍ അടുത്തിരിയ്ക്കുന്നവരിലേയ്ക്കും, പിന്നീട്‌ 'ഗ്രൂപ്പ്‌ ഡിസ്കഷനിലേയ്ക്കും' മാറിയപ്പോള്‍, മാഷ്‌ ഇടപെട്ടു.. അതാണല്ലോ അതിന്റെ ഒരു ശരി..!


മതി, ഇനി 'താന്‍' പറയടോ..


മുന്‍ ബെഞ്ചില്‍ തന്നെ ഇരിയ്ക്കുന്ന തടിയന്‍ ഹംസയെ ചൂണ്ടി മാഷ്‌ ഉത്തരവിട്ടു...( കാര്യം പിള്ളാരൊക്കെ ആണെങ്കിലും വിളിയിലൊക്കെ ഒരു ബഹുമാനം വരുത്താറുണ്ട്‌ മാഷ്‌. കുരുത്തം കെട്ടോര്‌.. എങ്ങാനും കൈ വെച്ചാല്‍...!)


വലിയ പെരുന്നളിന്‌ മാത്രം 'ഉമ്മ' ഉണ്ടാക്കാറുള്ള പത്തിരീം കോഴ്യെറച്ചീം സ്വപ്നം കണ്ടുകൊണ്ടിരുന്ന തടിയന്‍ ഹംസ ചാടിയെഴുന്നേറ്റ്‌, അവനറിയാവുന്നത്‌ ഒറ്റ ശ്വാസത്തില്‍ അവതരിപ്പിച്ചു..


"അത്‌ പിന്നെ ഉമ്മാന്റെ പത്തിരി, കോയ്യെറച്കി കൂട്ടി ബയറ്‌ മുട്ടെ കയിക്കണത്‌.."


ഫസ്റ്റ്‌ ബെഞ്ചില്‍ ഇരുന്നിട്ടെന്താ കാര്യം..? ഹംസ പരീക്ഷയില്‍ മാര്‍ക്കിന്റെ കാര്യത്തില്‍ എന്നും ലാസ്റ്റാ..'


ഇത്തവണയെങ്കിലും ഞാനായിരിയ്ക്കും ഫസ്റ്റ്‌' എന്ന (അന്ധ)വിശ്വാസം അവന്റെ മുഖത്ത്‌ പ്രതിഫലിച്ചു.. ആ ഒരു വിശ്വാസത്തോടെ, റിസള്‍ട്ടറിയാന്‍ അവന്‍ മാഷുടെ മുഖത്തേയ്ക്ക്‌ സൂക്ഷിച്ച്‌ നോക്കി..


മാഷ്‌ നിഷേധഭാവത്താല്‍ തല ഇടത്തേയ്ക്കും വലത്തേയ്ക്കും ആട്ടുന്നത്‌ കണ്ടു.. 'കണ്ണീ ചോരേല്ല്യാത്ത പഹേന്‍..' ഹംസ പല്ല് ഞെരിച്ചു..


അതിനു ശേഷം എല്ലാവരില്‍ നിന്നും പല പല അഭിപ്രായങ്ങള്‍ വന്നുകൊണ്ടേയിരുന്നു.. അവരവരുടെ കപ്പാസിറ്റി അനുസരിച്ച്‌....


'ഒറങ്ങണത്‌..'
'സിനിമയ്ക്ക്‌ പോണത്‌..'
'എറച്ചീം പൊറോട്ടേം അടിയ്ക്കണത്‌..'
'കുമ്പസാരിയ്ക്കണത്‌..'
ബസ്സില്‌ കറങ്ങി നടക്കണത്‌..
'അമ്മേടെ ചാളക്കൂട്ടാന്‍ കൂട്ടി ചോറുണ്ണണത്‌..'
'ഐസ്പ്രൂട്ട്‌ തിന്നണത്‌..'
'ചൂണ്ട ഇട്ട്‌ മീന്‍ പിടിയ്ക്കണത്‌..'
'കൊറെ കാശ്‌ കയ്യില്‌ ഇണ്ടാവണത്‌..'


അങ്ങനെ പോയി തുടക്കത്തില്‍..


മാഷ്‌ ഇതിനെല്ലാം മുമ്പത്തെ പോലെ തല ഇരു വശത്തേയ്ക്കും ആട്ടുന്നത്‌ കണ്ട ശിഷ്യന്മാര്‍ക്ക്‌ വാശിയായി..


'എന്നാ പിന്നെ അറ്റ കൈ പ്രയോഗിച്ച്‌ കളയാം..'തല തെറിച്ചവന്മാര്‍ ഒരുറച്ച തീരുമാനത്തിലെത്തി..


പിന്നെ കുറച്ച്‌ കടന്ന ചിന്തകളായിരുന്നു..എന്നാലും ചിലതെല്ലാം നാലാളോട്‌ പറയാന്‍ കൊള്ളാവുന്നത്‌ തന്നെ.. അതിങ്ങനെ..
'കള്ള്‌ കുടിയ്ക്കണത്‌..'
'ചാരായം അടിയ്ക്കണത്‌..'
'കള്ളും ചാരായോം കൂട്ടി അടിയ്ക്കണത്‌..'
'കഞ്ചാവ്‌ അടിയ്ക്കുന്നത്‌..'
'കള്ള്‌ കുടിച്ച്‌ കഞ്ചാവ്‌ അടിയ്ക്കുന്നത്‌..'

ഈ പിള്ളാര്‌ ഇത്ര്യേ ഉള്ളൂ എന്ന ആശ്ചര്യത്തോടെ മാഷ്‌ ഇതെല്ലാം കേട്ട്‌ തല ഇരു വശത്തേയ്ക്കും ആട്ടിക്കൊണ്ടിരുന്നു..

ദേ വരുന്നു.. അവസാനത്തെ.. അതും തനിയ്ക്ക്‌ ഏറ്റവും പ്രിയപ്പെട്ട ശിഷ്യനില്‍ നിന്നും.. അവസാനം ഉത്തരം പറഞ്ഞ്‌ കേമനാവാം എന്ന ആ മുടിഞ്ഞവന്റെ ഉത്തരം ഇങ്ങനെ..

" കല്യാണം കഴിയ്ക്കണത്‌.."

അതു പറയുമ്പോള്‍ ആറാം ക്ലാസ്സില്‍ പഠിയ്ക്കുന്ന സൗദാമിനിയുടെ 'ശരീര ശാസ്ത്രം അവന്‍ മനസ്സിലേയ്ക്കാവാഹിച്ചിരുന്നു എന്നു മാഷ്ക്ക്‌ മനസ്സിലായി..വൃത്തി കെട്ടവന്‍.. എന്നിട്ടവന്റെ ആ കൊന്ത്രമ്പല്ല് കാട്ടീള്ള ചിരി കാണുമ്പോഴാ..

'ഞങ്ങളെല്ലാം ഇതു തന്നെ പറയണമെന്ന് കരുതീരുന്നതാ.. എന്നാലും..' എന്ന മട്ടില്‍ ഒരു മുഖഭാവം ബാക്കി പതിനാല്‌ മര്‍ക്കടവദനങ്ങളിലും ഓടിക്കളിയ്ക്കുന്നുണ്ടായിരുന്നു..

എന്നാല്‍ അതിനും, മഷുടെ തല നിഷേധാര്‍ത്തത്തില്‍ രണ്ട്‌ വശത്തേയ്ക്കും ചലിയ്ക്കുന്ന കണ്ടതോടെ പിള്ളാര്‍ എല്ലാം ഫ്ലാറ്റ്‌!. ഇനി എന്ത്‌ പറയാന്‍...!!?

അവസാനം എല്ലാവരും തോല്‍വി സമ്മതിച്ചു..

'എന്നാ ഇനി നിങ്ങളന്നെ പറയേന്‍ മാഷേ..'

മാഷുടെ മുഖം സന്തോഷം കൊണ്ട്‌ വെട്ടി തിളങ്ങി. ഒരിയ്ക്കലെങ്കിലും ഇവന്മാരെ ഒന്നു മുട്ട്‌ കുത്തിയ്ക്കാനായല്ലോ..

വേണ്ടതിലധികം സമയം എടുത്ത്‌, മാഷ്‌ പതിയെ മൊഴിഞ്ഞു..

"അത്‌ പിന്നെ..., ഈ മലോം മൂത്രോം.., വിടണ്ട സമയത്തങ്ങ്‌ട്‌ വിട്വാ.. ഏറ്റോം സുഖള്ള കാര്യം.."

ഉത്തരം കേട്ട പതിനഞ്ച്‌ പേരും ഇടിവെട്ടേറ്റതുപോലെ ഇരുന്ന് പോയി..

പിര്യേഡ്‌ അവസാനിച്ച മണി മുഴങ്ങിയതും, ശങ്കുമാഷ്‌ ക്ലാസ്സ്‌ വിട്ടതുമൊന്നും അവരറിഞ്ഞില്ല..

Friday, February 15, 2008

കഥ + ഇല്ലാ‍യ്മ = കഥയില്ലായ്മ... (കണക്കാണേ..)

മണ്ടന്‍ വാസൂന്റെ മരമോന്തയില്‍ പതിവില്ലാതെ അന്ന് അറുപത്‌ വാട്ടിന്റെ തെളക്കം...!

നാലാം ക്ലാസ്സിലാ വാസൂന്റെ അഭ്യാസം ..(എന്തഭ്യാസം എന്ന് അവനുതന്നെ വല്ല്യേ നിശ്ശല്ല്യ, എന്തായാലും 'വിദ്യ' അല്ലാന്നുള്ളത്‌ ഒറപ്പാ..)

ഓരോ ക്ലാസ്സിലും രണ്ട്‌ കൊല്ലം വീതം നെരങ്ങാനുള്ള അസുലഭ ഭാഗ്യം വാസൂന്‌ മാത്രം സ്വന്തം. അതിലവന്‍ ചെറുതായി ഒന്ന് നെകളിച്ചിരുന്ന്വോ..?, ശരിയ്ക്കും...

ഷ്കോളിലെ മണിയടി വീരന്‍ അവന്‍ തന്നെ. (അയ്യോ, സോറി, 'മണിയടി' അല്ല, ബെല്ല് അടി. ചെല കാര്യങ്ങളങ്ങന്യാ.., പച്ച മലയാളത്തില്‍ പറഞ്ഞാ.., ഇന്നസെന്റ്‌ പറഞ്ഞ പോലെ, 'തെറ്റിദ്ധരി'യ്ക്കും.)

റിട്ടയറാകാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ള 'പീയൂണ്‍' (ഇത്‌ പച്ച മലയാളം.!, തെറ്റി ധരിച്ച്വോ ആവോ.!?) അന്തോണി മാപ്ല, വാസൂന്‌ കനിഞ്ഞനുവദിച്ച ഔദാര്യം.

വയസ്സ്‌ കാലത്ത്‌ രണ്ടാം നിലയുടെ ഇടനാഴിയിലെ മൂലയ്ക്ക്‌ വെച്ചിരിയ്ക്കുന്ന മര ഏണിയില്‍ വലിഞ്ഞ്‌ കേറി മണിയടിച്ച്‌, ഇല്ലാത്ത ഏനക്കേടൊന്നും ഉണ്ടാക്കണ്ട എന്ന മൂപ്പരുടെ സ്വാര്‍ത്ഥത തന്നെ ആ ഔദാര്യത്തിന്‌ കാരണം.

'പെണ്മക്കള്‌ നാലെണ്ണത്തിന്യാ കെട്ടിച്ചയയ്ക്കണ്ടത്‌. എല്ലാം, പുര മാത്രമല്ല, നാട്‌ മുഴുവന്‍ നെറഞ്ഞ്‌ നിക്ക്വാ..

പെന്‍ഷനാവുമ്പോ കിട്ടണ കാശോണ്ട്‌ വേണം എല്ലാം...

ഒര്‌ മോനെങ്കിലും ണ്ടായിര്‌ന്നെങ്കി, ഈ ജോലി അവന്‌ ഏര്‍പ്പാടാക്കി കൊടുക്കായിരുന്നു. അതിന്‌ വേണ്ടി മദറിന്റെയും ഫാദര്‍മാരുടെയും എന്ത്‌ വേണേലും തിരുമ്പി കൊടുക്കാന്‍ തയ്യാറുമായിരുന്നു. അതിനുള്ള യോഗം ഇല്ല്യാണ്ട്‌ പോയേന്‌ ആരോട്‌ പറയാനാ...(തിരുമ്പാനല്ല, മോന്റെ കാര്യാ..)

മൂത്ത മോള്‌ പെറന്ന് രണ്ട്‌ മാസം കഴിഞ്ഞപ്പോ തൊടങ്ങ്യ ശ്രമാ... എല്ലാം വേസ്റ്റ്‌. നാലാമത്ത പ്രാവശ്യേങ്കിലും അന്തോണീസ്‌ പുണ്ണ്യാളന്‍ കനിയുമ്ന്നാ കരുത്യേ...എവടെ.., ഒന്നും ശര്യായില്ല്യ. തലവിധി.., അനുഭവിയ്ക്ക്യന്നെ..'

മണിയടി മാത്രമല്ല വാസൂന്റെ ജോലി. ഉപ്പ്‌മാവ്‌ ഉണ്ടാക്കണോടത്ത്‌ ത്രേസ്യാമ്മചേടത്തിയ്ക്ക്‌ സഹായത്തിന്‌, ഉപ്പ്‌മാവ്‌ ഡിസ്ട്രിബ്യൂട്ടുമ്പോ പിള്ളേരെ കണ്ട്രോള്‍ ചെയ്യല്‍.. അങ്ങനെ 'എന്തിനും ഏതിനും 'കുഞ്ഞേടത്തി'.., അയ്യോ, സോറി, 'മണ്ടന്‍ വാസു'.

(സാധനം തലയ്ക്ക്‌ പിടിച്ചൂന്നാ തോന്നണെ...

എനിയ്ക്ക്‌ പിന്നെ ഒരു നല്ല സ്വഭാവംണ്ട്‌, ഒന്നേയൊന്ന് മാത്രമേ ഉള്ളൂ താനും..!

എല്ലാരും പറയണ പോലെ, 'ആകെ രണ്ടെണ്ണമേ അടിയ്ക്കൂ...

' ഭാര്യയോട്‌ പെര്‍മിഷന്‍ വാങ്ങുമ്പോ രണ്ടെണ്ണം, അമ്മ കസ്റ്റഡിയില്‍ എടുത്ത്‌ ക്വസ്റ്റ്യന്‍ ചെയ്താലും രണ്ട്‌, പിന്നെ ചോദിയ്ക്കുന്നവരോടൊക്കെ പറയാന്‍ രണ്ടെന്ന അക്കം മാത്രം.....

ആരെയും പിണക്കരുതല്ലോ,

രാത്രിയിലെ അന്വേഷകര്‍, ഫോണ്‍ വഴി, കൂടുന്നതനുസരിച്ച്‌, രണ്ട്‌ അതിന്റെ പെരുക്ക്‌ തുടങ്ങും.

അതെന്റെ കുറ്റമാണോ..!?,

അല്ലേയല്ല...

ദേ ഇപ്പൊ തമിഴ്‌നാട്ടില്‍ വന്നതിന്‌ ശേഷം,

മോള്‍ക്കും, 'രണ്ടാമത്തക്കമാണേറെയിഷ്ടം'..

"രണ്ടക്ക.., രണ്ടക്ക..." അവളുടെ ഉറക്കെയുള്ള പാട്ട്‌ ഇപ്പോ ശരിയ്ക്ക്‌ കേക്കാം, എന്തൊരു വാസന..!

അടുത്തുള്ള ഒഴിഞ്ഞ പറമ്പില്‍ നിന്നും വന്നതാണെന്ന് തോന്നുന്നു..തമിഴ്‌ നാടല്ലേ..!

"അവള്‍ക്ക്‌ അല്ലെങ്കിലും നിങ്ങള്‍ടെ സ്വഭാവാ.." ഭാര്യയുടെ കമന്റ്‌. അവളെന്താ ഉദ്ദേശിച്ചതെന്ന് അവള്‍ക്ക്‌ തന്നെ അറിയില്ല..

എന്തായാലും എനിയ്ക്കത്‌ ശരിയ്ക്കും സുഖിച്ചു. രണ്ട്‌ വരെയല്ലേ അവള്‍ക്കും എണ്ണാന്‍ അറിയൂ. എന്റെ മോളന്നെ..

പിന്നെ ചെല സമയങ്ങളില്‍ മാത്രം, മോള്‌ അവള്‍ടെ തള്ളേടെ മോളാവും.

"അത്‌ പിന്നെ നിന്റ്യല്ലെ സന്തതി..?" എല്ലാ കൊറവുകളും ഭാര്യയ്ക്കിരിയ്ക്കട്ടെ, അവളുടെ വീട്ടുകാര്‍ക്കും.

കാലങ്ങള്‍ക്ക്‌ ശേഷം, പിന്നെ പിന്നെ, ഭാര്യയും പഠിച്ചു, ചോറ്‌ ഉരുട്ടി ഉണ്ണുമ്പോ കൂടെ കഴിയ്ക്കാനുള്ള ഉപ്പേരീണ്ടാക്കാന്‍..

" നിങ്ങള്‍ട്യല്ലേ വിത്ത്‌..?

"'സരിയാന ഗൂഗ്ലി..'(തമിഴല്ല.., തമിഴറിയാവുന്ന പശങ്കള്‍ ഇത്‌ വായിയ്ക്കാന്‍ വെഷമിയ്ക്കണ്ട,)

സോറി, തമിഴുമ്മെ (തമിഴ്‌ ഉമ്മെ അല്ല, ക്ഷമിയ്ക്കണം) തൊട്ട്‌ അധികം കളിയ്ക്ക്‌ണില്ല്യ. അല്ലെങ്കി തന്നെ മുല്ലപെരിയാറും, മുടിഞ്ഞ, സേലം റെയില്‍ വേ ഡിവിഷനും... ഇനി ഇല്ലാത്ത പുകിലൊന്നും വേണ്ട..

ഇതിലെല്ലാം ആര്‍മ്മാദിയ്ക്കുന്നത്‌ ആകെ രണ്ടേ രണ്ടു പേരാണത്രേ.., അതാരൊക്കെയാണെന്ന് എനിയ്ക്കറിയില്ല..!

ഇതൊന്നും അറിയാന്‍ മാത്രമുള്ള വിവരം ഇപ്പോഴും നമുക്കൊന്നും ഇല്ലാതെ പോയല്ലൊ, ന്റെ ബദരീങ്ങളേ!

ആ, ഭാര്യേടെ ഗൂഗ്ലി. പിന്നെ എന്ത്‌ പറയും.

അടിയറവു പറഞ്ഞ്‌, വഴക്കുണ്ടാക്കാനുള്ള പുതിയ വഴികളെ കുറിച്ച്‌ വെറുതെ തല പുണ്ണാക്കേണ്ടി വരും. അവസാനം തലയില്‍ പുണ്ണും പുണ്ണാക്കും മാത്രം മിച്ചം...)

ദേ, കഥേന്ന് ഒര്‌പാട്‌ പൊറത്തേയ്ക്ക്‌ വന്ന്വോ..!പൊറാടത്തേ..?

അല്ലെങ്കി തന്നെ, എന്ത്‌ കഥ..!?

"കഥയില്ലായ്മയില്‍ നിന്നും ഇല്ലായ്മ മൈനസ്‌ ചെയ്താല്‍ ശിഷ്ടം എത്ര..?"

ഉത്തരം ശരിയ്ക്കറിയാത്തോണ്ട്‌ അടുത്തിരിയ്ക്കുന്നവന്റെ പേപ്പറില്‍ നോക്കി വേഗം എഴുതി, കണക്ക്‌ പരീക്ഷയ്ക്ക്‌,

ഉത്തരം, "കഥ.."

ഈ കണക്ക്‌ ഒരു തലവേന പിടിച്ച സാധനം തന്നെ..,

ഞാന്‍ ആ വേദന മാത്രം ഇന്നു വരെ അനുഭവിച്ചിട്ടില്ല.. ഞാനാരാ മൊതല്‌..!

തല ഉള്ളവര്‍ക്കല്ലേ വേദന കാണൂ..

പരീക്ഷ കഴിഞ്ഞു..

നൂറില്‍ നൂറ്‌ മാര്‍ക്ക്‌..!

ആര്‍ക്ക്‌..?

ഇത്‌ വായിച്ചവര്‍ക്ക്‌..!!